| Tuesday, 24th August 2021, 9:25 am

സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകും; അത്തരം പ്രവണതകളെ ശക്തമായി നേരിടാനാകണം: കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടിയും സംസ്ഥാനഭരണവും എങ്ങിനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സൂചിപ്പിച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവും ദേശാഭിമാനി എഡിറ്ററുമായ കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി പത്രത്തില്‍ എഴുതിയ പാര്‍ട്ടിയും സംസ്ഥാനഭരണവും എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

കഴിഞ്ഞകാല ത്യാഗങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്നും, വര്‍ത്തമാനകാല പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും ഇടപെട്ട് ജനതയെ നയിക്കാന്‍ പ്രാപ്തരാണന്ന ബോധം നിരന്തരം സൃഷ്ടിച്ചുകൊണ്ടേ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവുകയുള്ളുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകും, അത്തരം പ്രവണതകളെ ശക്തമായി നേരിടാനാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജനങ്ങളോട് വിനയത്തോടെ ഇടപെടുന്ന ശൈലിയാണ് പാര്‍ട്ടി സഖാക്കള്‍ തുടരേണ്ടതെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ‘സംസ്ഥാന സര്‍ക്കാരും വര്‍ത്തമാനകാല കടമകളും’ എന്ന രേഖ ഓര്‍മിപ്പിക്കുന്നുണ്ടെന്നും പാര്‍ട്ടി നയം മനസ്സിലാക്കി ജനങ്ങളുമായി സംവദിക്കുന്ന ശൈലിയിലേക്ക് പാര്‍ട്ടി നടത്തുന്ന ചര്‍ച്ചകളെയും ഇടപെടലുകളെയും വികസിപ്പിക്കാനാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ 1957ലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണകക്ഷിയായതോടുകൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല പാര്‍ട്ടിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യാന്‍ ഉപയോഗിക്കുകയോ ചെയ്യരുത്. നമ്മുടെ ചുമതലയുടെ ഭാരംകൊണ്ട് തല കുനിയുകയാണ് വേണ്ടത്. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ അധികാരം കൈകാര്യം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ച് അവരെ മാനിക്കാന്‍ തയ്യാറാകാതെയുമുള്ള പാരമ്പര്യമാണ് അവര്‍ക്കുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമാണ് നമ്മുടെ പാര്‍ട്ടിയെന്ന് ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്.’ എന്ന പാര്‍ട്ടി പ്രമേയ ഭാഗം സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം ആരംഭിക്കുന്നത്.

കഴിഞ്ഞ ഭരണത്തിന്റെ കാലത്തും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സവിശേഷശ്രദ്ധ നല്‍കി. നാട് പലവിധ ദുരിതത്തില്‍ മുങ്ങിക്കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും ബഹുജന സംഘടനകളും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളില്‍ കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നതിനും പാര്‍ട്ടിക്ക് കഴിയുകയും ചെയ്തു. ഇത്തരത്തില്‍ രാഷ്ട്രീയമായും സംഘടനാപരമായും ഭരണപരമായും വര്‍ത്തമാനകാലത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് തുടര്‍ഭരണത്തിന് അടിസ്ഥാനമായിത്തീര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി ഭരണത്തിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തിലും ഭരണതലത്തിലും വരാനിടയുള്ള പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിന് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും സംസ്ഥാന സര്‍ക്കാരുകളിലെയും അനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ ഉണ്ടാകണമെന്നും രേഖ നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

വര്‍ഗീയശക്തികള്‍ പലതരത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങും. ജനതയുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ശക്തികള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമുണ്ടാകില്ല. അതുകൊണ്ട് ജനതയുടെ ജീവിതത്തെ നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനരീതി എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് നിശ്ചയിക്കുക. ആ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് പ്രാപ്തരായ സഖാക്കളെ ഭരണനേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഏല്‍പ്പിച്ച ഉത്തരവാദിത്തം അവര്‍ ഫലപ്രദമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വന്നുചേരുന്ന രാഷ്ട്രീയവും സംഘടനാപരവുമായ പിശകുകള്‍ അതത് ഘട്ടത്തില്‍ ഇടപെട്ട് തിരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് നിശ്ചയിക്കേണ്ടത്. ദൈനംദിന ഭരണത്തില്‍ പാര്‍ട്ടി ഇടപെടുന്ന രീതി ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. പാര്‍ടി കാഴ്ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം ഭരണതലത്തിലെ സഖാക്കളാണ് ചെയ്യേണ്ടത്. അതേസമയം, ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പാര്‍ട്ടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

സ്ഥലംമാറ്റം ഉള്‍പ്പെടെ മാനദണ്ഡം അനുസരിച്ച് ചെയ്യുകയാണ് വേണ്ടത്. ന്യായമായ കാര്യത്തില്‍ ആരു സമീപിച്ചാലും ചെയ്തുകൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് വിസ്മരിക്കരുത്. ഇക്കാര്യത്തില്‍ ഒരു വിവേചനവും ഉണ്ടാകരുത്. അഴിമതിക്കാര്‍ക്കും സ്ഥാപിത താല്‍പര്യക്കാര്‍ക്കും വേണ്ടിയുള്ള സമ്മര്‍ദം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ അതിനു വഴങ്ങരുത്. ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ക്ക് കഴിയണം. മണല്‍, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകള്‍ പ്രാദേശിക തലത്തില്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന വിമര്‍ശമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനു കഴിയണം.

തുടര്‍ഭരണമുണ്ടാകുമ്പോള്‍ സ്വാഭാവികമായും സ്ഥാപിത താല്‍പര്യക്കാര്‍ പല വഴിയിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഇതു മനസ്സിലാക്കി ഇടപെടാന്‍ നമുക്ക് കഴിയണം. സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകും. അത്തരം പ്രവണതകളെ ശക്തമായി നേരിടാനാകണം. വ്യക്തിഗതമായ വിദ്വേഷങ്ങളും താല്‍പര്യങ്ങളും അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും മുന്നോട്ടുവയ്ക്കുന്ന സര്‍ക്കാരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറുകയെന്നതാണ് പാര്‍ടി ലക്ഷ്യം വെയ്ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം പൂര്‍ണരൂപം,

ജനങ്ങളോട് വിനയത്തോടെ ഇടപെടുന്ന ശൈലിയാണ് പാര്‍ടി സഖാക്കള്‍ തുടരേണ്ടതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ‘സംസ്ഥാന സര്‍ക്കാരും വര്‍ത്തമാനകാല കടമകളും’ എന്ന രേഖ ഓര്‍മിപ്പിക്കുന്നു. പാര്‍ടി നയം മനസ്സിലാക്കി ജനങ്ങളുമായി സംവദിക്കുന്ന ശൈലിയിലേക്ക് പാര്‍ടി നടത്തുന്ന ചര്‍ച്ചകളെയും ഇടപെടലുകളെയും വികസിപ്പിക്കാനാകണം. ഇക്കാര്യത്തില്‍ 1957ലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രസക്തമാണെന്ന് രേഖ ഓര്‍മിപ്പിക്കുന്നു.

‘ഭരണകക്ഷിയായതോടുകൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല പാര്‍ടിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യാന്‍ ഉപയോഗിക്കുകയോ ചെയ്യരുത്. നമ്മുടെ ചുമതലയുടെ ഭാരംകൊണ്ട് തല കുനിയുകയാണ് വേണ്ടത്. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ അധികാരം കൈകാര്യം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ച് അവരെ മാനിക്കാന്‍ തയ്യാറാകാതെയുമുള്ള പാരമ്പര്യമാണ് അവര്‍ക്കുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമാണ് നമ്മുടെ പാര്‍ടിയെന്ന് ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്’.

കഴിഞ്ഞ ഭരണത്തിന്റെ കാലത്തും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സവിശേഷശ്രദ്ധ നല്‍കി. നാട് പലവിധ ദുരിതത്തില്‍ മുങ്ങിക്കഴിഞ്ഞപ്പോള്‍ പാര്‍ടിയും ബഹുജന സംഘടനകളും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളില്‍ കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നതിനും പാര്‍ടിക്ക് കഴിയുകയും ചെയ്തു. ഇത്തരത്തില്‍ രാഷ്ട്രീയമായും സംഘടനാപരമായും ഭരണപരമായും വര്‍ത്തമാനകാലത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് തുടര്‍ഭരണത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. അത് മുന്നോട്ട് കൊണ്ടുപോകാനാകണമെന്ന് രേഖ നിര്‍ദേശിക്കുന്നു. തുടര്‍ച്ചയായി ഭരണത്തിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തിലും ഭരണതലത്തിലും വരാനിടയുള്ള പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിന് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും സംസ്ഥാന സര്‍ക്കാരുകളിലെയും അനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ ഉണ്ടാകണമെന്നും രേഖ നിര്‍ദേശിച്ചിട്ടുണ്ട്.

വര്‍ഗീയശക്തികള്‍ പലതരത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങും. ജനതയുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ശക്തികള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമുണ്ടാകില്ല. അതുകൊണ്ട് ജനതയുടെ ജീവിതത്തെ നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുണ്ടാകണം. നമ്മുടെ കഴിഞ്ഞകാല ത്യാഗങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് പാര്‍ടിക്ക് മുന്നോട്ടുപോകാനാകില്ല. വര്‍ത്തമാനകാല പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും ഇടപെട്ട് ജനതയെ നയിക്കാന്‍ പ്രാപ്തരാണ് പാര്‍ടിയെന്ന ബോധം നിരന്തരം സൃഷ്ടിച്ചുകൊണ്ടേ പാര്‍ടിക്ക് മുന്നോട്ടുപോകാനാകൂ.

സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനരീതി എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച് പാര്‍ടി സംസ്ഥാന കമ്മിറ്റിയാണ് നിശ്ചയിക്കുക. ആ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് പ്രാപ്തരായ സഖാക്കളെ ഭരണനേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഏല്‍പ്പിച്ച ഉത്തരവാദിത്തം അവര്‍ ഫലപ്രദമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് പാര്‍ടി പരിശോധിക്കണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വന്നുചേരുന്ന രാഷ്ട്രീയവും സംഘടനാപരവുമായ പിശകുകള്‍ അതത് ഘട്ടത്തില്‍ ഇടപെട്ട് തിരുത്തുകയും വേണം.

സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയാണ് നിശ്ചയിക്കേണ്ടത്. ദൈനംദിന ഭരണത്തില്‍ പാര്‍ടി ഇടപെടുന്ന രീതി ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. പാര്‍ടി കാഴ്ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം ഭരണതലത്തിലെ സഖാക്കളാണ് ചെയ്യേണ്ടത്. അതേസമയം, ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പാര്‍ടി ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ഥലംമാറ്റം ഉള്‍പ്പെടെ മാനദണ്ഡം അനുസരിച്ച് ചെയ്യുകയാണ് വേണ്ടത്. ന്യായമായ കാര്യത്തില്‍ ആരു സമീപിച്ചാലും ചെയ്തുകൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് വിസ്മരിക്കരുത്. ഇക്കാര്യത്തില്‍ ഒരു വിവേചനവും ഉണ്ടാകരുത്. അഴിമതിക്കാര്‍ക്കും സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കും വേണ്ടിയുള്ള സമ്മര്‍ദം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ അതിനു വഴങ്ങരുത്. ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ക്ക് കഴിയണം. മണല്‍, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകള്‍ പ്രാദേശിക തലത്തില്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന വിമര്‍ശമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനു കഴിയണം.

തുടര്‍ഭരണമുണ്ടാകുമ്പോള്‍ സ്വാഭാവികമായും സ്ഥാപിത താല്‍പ്പര്യക്കാര്‍ പല വഴിയിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഇതു മനസ്സിലാക്കി ഇടപെടാന്‍ നമുക്ക് കഴിയണം. സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകും. അത്തരം പ്രവണതകളെ ശക്തമായി നേരിടാനാകണം. വ്യക്തിഗതമായ വിദ്വേഷങ്ങളും താല്‍പ്പര്യങ്ങളും അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്.

പാര്‍ടി പ്രവര്‍ത്തനമെന്നത് പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും മുന്നോട്ടുവയ്ക്കുന്ന പ്രക്ഷോഭ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുക എന്നതാണ്. അവ കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുക എന്നതുമാണ്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും തെറ്റായ ആശയങ്ങള്‍ക്കെതിരെ മുന്നോട്ടുപോകാനും കഴിയേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുന്ന ഉത്തരവാദിത്തവും പാര്‍ടി സഖാക്കള്‍ ഏറ്റെടുക്കണം. സംസ്ഥാന സര്‍ക്കാരിനെതിരായി വരുന്ന പ്രചാരണങ്ങളെയും എതിര്‍പ്പുകളെയും തുറന്നുകാട്ടി സര്‍ക്കാരിനെ സംരക്ഷിക്കാനാകണം. അതോടൊപ്പം തെറ്റായ പ്രവണതകള്‍ സര്‍ക്കാരില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവ തിരുത്തുന്നതിന് ഇടപെടുന്ന രാഷ്ട്രീയ നേതൃത്വമായി മാറാനും പാര്‍ടിക്ക് കഴിയണം.

ഭരണത്തിന് നേതൃത്വം കൊടുക്കേണ്ടത് മന്ത്രിമാരാണ്. ഓരോ വകുപ്പിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇടപെടുന്നതിന് മന്ത്രിമാര്‍ക്ക് കഴിയണം. അതതു വകുപ്പുതലത്തില്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ അത്തരത്തില്‍ പരിഹരിക്കാന്‍ കഴിയണം. മന്ത്രി ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിര്‍ദേശങ്ങള്‍ രേഖ മുന്നോട്ടുവച്ചിട്ടുണ്ട്. ഓഫീസില്‍ വരുന്നവരോട് നല്ല നിലയില്‍ പെരുമാറണം. പരാതികള്‍ ഫോണില്‍ സ്വീകരിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. കിട്ടുന്ന പരാതികളില്‍ ശരിയായ നടപടികള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ ശേഷിയെ ഭരണതലത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. പിഎസ്സി റാങ്ക് ലിസ്റ്റിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും ശ്രദ്ധിക്കണം. വര്‍ക്കിങ് അറേഞ്ച്‌മെന്റ് നിരുത്സാഹപ്പെടുത്തണം. താഴ്ന്ന ശമ്പളനിരക്കിലുള്ള തസ്തികകളില്‍ ഉയര്‍ന്ന ശമ്പളനിരക്കുള്ള തസ്തികകളിലുള്ളവരെ ഡെപ്യൂട്ടേഷന് അയക്കുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്.

സ്ഥലംമാറ്റം നിയമാനുസൃതമാകണം. സ്‌പെഷ്യല്‍ ഓര്‍ഡറുകള്‍ നിരുത്സാഹപ്പെടുത്തണം. പൊതുവായ പ്രശ്‌നങ്ങളില്‍ പൊതു ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് അതത് ഘട്ടത്തില്‍ത്തന്നെ മറുപടി നല്‍കാനാകണം. ഉദ്യോഗസ്ഥ മേധാവിത്വത്തെയും ചുവപ്പുനാടകളില്‍ കുരുങ്ങിനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളെയും മറികടന്ന് ജനകീയ സംവിധാനമായി സര്‍ക്കാരിനെ മാറ്റിയെടുക്കുന്നതിന് സവിശേഷ ശ്രദ്ധയുണ്ടാകണം. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാകണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുണ്ടാകുന്ന പരിമിതികളെയും രേഖ ഓര്‍മപ്പെടുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങളും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയുമുള്ള നീക്കങ്ങളും വികസനത്തിന് വലിയ തടസ്സമുണ്ടാക്കും. സംസ്ഥാനത്തിന്റെ വിഹിതം നല്‍കേണ്ട കേന്ദ്രനികുതിയുടെ പങ്ക് 3.2 ശതമാനത്തില്‍നിന്ന് 14–ാം ധന കമീഷന്‍ 2.45 ശതമാനമായി കുറച്ചിട്ടുണ്ട്. 15–ാം ധന കമീഷനില്‍ 1.9 ശതമാനമായി കുറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് പൊതുവികസനത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും മേഖലയില്‍ വിപുലമായ ഭാവിപരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുകയെന്ന അതീവ ഗൗരവകരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായതെന്ന കാര്യവും രേഖ ഓര്‍മിപ്പിക്കുന്നുണ്ട്.

നൂറുദിന പരിപാടി നടപ്പാക്കിക്കൊണ്ടും മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടും സര്‍ക്കാര്‍ ഈ ദിശയില്‍ മുന്നോട്ടുപോയിട്ടുണ്ട്. വന്‍കിട പ്രോജക്ടുകളെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലയുറപ്പിച്ചും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് മുന്നോട്ടുപോകുന്നതിനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്ന, ന്യായമായ ആവശ്യം ആര് ഉന്നയിച്ചാലും അവ പരിഹരിക്കുന്ന സര്‍ക്കാരായി മാറുകയെന്ന സമീപനമാണ് ഈ രേഖ മുന്നോട്ടുവച്ചിട്ടുള്ളത്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തിയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും മുന്നോട്ടുവയ്ക്കുന്ന സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറുകയെന്നതാണ് പാര്‍ടി ലക്ഷ്യംവയ്ക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kodiyeri Balakrishnan writes about party and state administrations

We use cookies to give you the best possible experience. Learn more