| Thursday, 2nd July 2020, 8:53 am

കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടി; യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടുമെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് മാണി വിഭാഗത്തിനെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും കേരള കോണ്‍ഗ്രസ് ഇല്ലാതെ യുഡിഎഫ് ദുര്‍ബലമാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പുന്നപ്ര – വയലാര്‍ സമര നേതാവായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിലെ അവസാന ഭാഗത്തായിരുന്നു കോടിയേരിയുടെ പ്രതികരണം.

പി.കെ.സിയുടെ സ്മരണ പുതുക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരള രാഷ്ട്രീയത്തില്‍ പലതരത്തിലുള്ള സംഭവ വികാസങ്ങളും ഉരുത്തിരിഞ്ഞുവരികയാണെന്ന് പറഞ്ഞുകൊണ്ടാണ

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫിന്റെ കെട്ടുറപ്പ് തകര്‍ന്നുവെന്നും ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി പക്ഷം ഇനി ഏത് പക്ഷത്തിനൊപ്പം നില്‍ക്കുമെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് കോടിയേരിയുടെ ലേഖനം എന്നത് ശ്രദ്ദേയമാണ്.

കോടിയേരി എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗം

സ.പി കെ സിയുടെ സ്മരണ പുതുക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരള രാഷ്ട്രീയത്തില്‍ പലതരത്തിലുള്ള സംഭവ വികാസങ്ങളും ഉരുത്തിരിഞ്ഞുവരികയാണ്. യു.ഡി.എഫില്‍ ദീര്‍ഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇടപെട്ട് പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. യു.ഡി.എഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകര്‍ന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യു.ഡി.എഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടും.

യു.ഡി.എഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫ് കൂടുതല്‍ ദുര്‍ബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ ഉണ്ടായിരുന്ന എല്‍.ജെ.ഡി യു.ഡി.എഫ് വിട്ട് ഇപ്പോള്‍ എല്‍.ഡി.എഫിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങള്‍ എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം പ്രതിഫലിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടുന്ന ഈ ഘട്ടത്തില്‍ പി കെ സിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നതാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more