എന്ത് കാര്യം ചെയ്യുന്നതിന് മുമ്പും പാര്‍ട്ടിയോട് ചോദിക്കും, പാര്‍ട്ടി നിഷേധിച്ചാല്‍ ഉപേക്ഷിക്കും; പിണറായിയുടെ ഏറ്റവും വലിയ പ്രത്യേകതയാണിതെന്ന് കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനില്‍ താന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത തുറന്നുപറഞ്ഞ് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാറുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.
പിണറായിക്ക് വിധേയത്വം പാര്‍ട്ടിയോട് മാത്രമാണെന്നും എന്ത് കാര്യം ചെയ്യുന്നതിനു മുമ്പ് അത് പാര്‍ട്ടിയില്‍ അദ്ദേഹം അവതരിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി അനുവാദം കൊടുത്താല്‍ അക്കാര്യം ചെയ്യും. അല്ലെങ്കില്‍ അത് ഉപേക്ഷിക്കും. ഇതാണ് താന്‍ സഖാവില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകതയെന്ന് കോടിയേരി പറഞ്ഞു.
അതേസമയം വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇന്ന് പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്നും കോടിയേരി പറഞ്ഞു.
‘അദ്ദേഹം ആര്‍ക്കെങ്കിലും വിധേയനാണെങ്കില്‍ അതു പാര്‍ട്ടിയോട് മാത്രമാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തു കാര്യം ചെയ്യും മുന്‍പ് അത് പാര്‍ട്ടിയില്‍ അവതരിപ്പിക്കും എന്നതാണ് പാര്‍ട്ടി അനുവാദം കൊടുത്താല്‍ അക്കാര്യവുമായി അദ്ദേഹം മുന്‍പോട്ടു പോകും. പാര്‍ട്ടി എതിരെങ്കില്‍ ആ പരിപാടി തന്നെ ഉപേക്ഷിക്കും. പിണറായി സഖാവില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത അതാണ്. അദ്ദേഹം എപ്പോഴും പാര്‍ട്ടിക്ക് വിധേയനാണ്. വി.എസ് മുഖ്യമന്ത്രിയായ കാലത്ത് പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം ഞങ്ങള്‍ തുറന്നു സമ്മതിച്ചാണ്. ഇന്ന് പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്’, കോടിയേരി പറഞ്ഞു.
അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കാര്യത്തിലും കോടിയേരി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ബിനീഷ് കോടിയേരിക്കെതിരായുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും തിരിച്ചടിയാവുമെന്നതിനാലാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നതെന്നായിരുന്നു കോടിയേരി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക