തിരുവനന്തപുരം: സി.പി.ഐ.എം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്ത നടപടിയില്‍ രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്ന ഘടകം ഉണ്ടെന്നും യു.എ.പി.എ ഒരു കരിനിയമമാണെന്നതില്‍ സി.പി.ഐ.എമ്മിന് ഒരു തര്‍ക്കവുമില്ലെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘യു.എ.പി.എ ഒരു കരിനിയമം ആണെന്നതില്‍ സി.പി.ഐ.എമ്മിന് ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്ന വിധത്തിലള്ള ചിത്രീകരണം അസംബന്ധമാണ്. ഈ നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമല്ല.
ഒരു കേസുണ്ടായാല്‍ അത് ഏത് വകുപ്പെന്ന് പൊലീസ് നിശ്ചയിക്കുന്നത് അവരുടെ നിയമപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ഉപയോഗിച്ച നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ ഇനി സര്‍ക്കാരിന് കഴിയൂ. അത് സര്‍ക്കാര്‍ ചെയ്യും’. ലേഖനത്തില്‍ വിശദീകരിക്കുന്നു.
യു.എ.പി.എയുടെ മറവില്‍ സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലെന്ന വിധത്തിലുള്ള ചിത്രീകരണം അസംബന്ധമാണെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ ‘തോക്കിന്‍ കുഴലിലൂടെ വിപ്ലവം’ എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണെന്നും കോടിയേരി പറഞ്ഞു. മാവോയിസ്റ്റുകളെ വര്‍ഗ ശത്രുക്കളായി സി.പി.ഐ.എം വിലയിരുത്തുന്നില്ലെന്നും കോടിയേരി പറഞ്ഞു.
തോക്കു രാഷ്ട്രീയം ഉപേക്ഷിച്ച് പാര്‍ലമെന്ററി പാര്‍ലമെന്ററിയിതര മാര്‍ഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ബഹുജന വിപ്ലവപാതയിലേക്ക് വന്ന ആളുകളെ പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.