കാസര്‍കോഡ്: സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് വരുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിലവാരമില്ലാത്തതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് വസ്തുതകള്‍ മനസിലാക്കാതെയാണ് സി.പി.ഐ.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
സി.പി.ഐ.എം സമ്മേളനത്തിന് വേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. സമ്മേളനങ്ങളെല്ലാം ശാസ്ത്രീയമായാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. കൊടിമര ജാത, പൊതുയോഗം തുടങ്ങി പൊതുയിടങ്ങളില്‍ നടക്കുന്ന എല്ലാ പരിപാടികളും മാറ്റിയിട്ടുണ്ട്.
സി.പി.ഐ.എമ്മിന്റെ ആളുകള്‍ക്ക് കൊവിഡ് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുമോ? ഞങ്ങളുടെ പാര്‍ട്ടിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ താല്‍പര്യം.
സമ്മേളനത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് മാത്രമോണോ കൊവിഡ് വരുന്നത്, അങ്ങനെയാണെങ്കില്‍ മമ്മൂട്ടിക്ക് എവിടെ നിന്നാണ് രോഗം വന്നത്,’ കോടിയേരി ചോദിച്ചു.
കേരളത്തില്‍ ചൂടായതിനാല്‍ കൊവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരന്‍. അദ്ദേഹമാണിപ്പോള്‍ കൊവിഡ് വ്യാപനത്തെക്കുറിച്ച് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു.
അതേസമയം, കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സി.പി.ഐ.എമ്മിന് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി കൊവിഡ് ചട്ടങ്ങള്‍ അട്ടിമറിക്കുകയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളിലൂടെ നിരവധി പേര്‍ക്ക് രോഗം പടരുന്നുണ്ടെന്നും നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തുകയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘കൊവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തിയും സൗകര്യത്തിനനുസരിച്ച് വളച്ചൊടിച്ചും സി.പി.ഐ.എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇതുവരെയുള്ള നിയന്ത്രണങ്ങള്‍ മുഴുവന്‍ ടി.പി.ആറിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്നലെ പെട്ടെന്ന് ഒരു മാറ്റമുണ്ടായിരിക്കുകയാണ്. കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി.
ഇന്ന് സമ്മേളനം തുടങ്ങുന്ന തൃശൂര്‍ ജില്ലയും കാസര്‍ഗോഡ് ജില്ലയും ഇതില്‍ ഒരു കാറ്റഗറിയിലുമില്ല. അതായത് അവിടെ നിയന്ത്രണങ്ങള്‍ ബാധകമല്ല.
യഥാര്‍ത്ഥത്തില്‍ കാസര്‍ഗോഡ് ഇന്നലത്തെ ടി.പിആര്‍ 36 ആണ്. തൃശൂരില്‍ അത് 34 ആണ്. ടി.പി.ആര്‍ ഇത്രമാത്രം വര്‍ധിച്ചിരിക്കുന്ന ഈ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി, 300ഉം 500ഉം 600ഉം ആളുകള്‍ കൂടുന്നത് ഈ രോഗത്തെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് സഹായകരമാകും.
തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മന്ത്രി, എം.എല്‍.എമാര്‍, നൂറ് കണക്കിന് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വ്യാപകമായി കൊവിഡ് ബാധിച്ചു. പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ ക്വാറന്റൈനില്‍ പോവാതെ ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് രോഗം വിതരണം ചെയ്യുകയാണ്.
പാര്‍ട്ടിക്ക് വേണ്ടി കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
CONTENT HIGHLIGHTS: Kodiyeri Balakrishnan, state secretary of the CPIM, said that the opposition’s propaganda that Covid was coming to the rallies was substandard