| Saturday, 19th March 2022, 9:30 am

സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാം, കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോ: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നടക്കുന്നുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്. എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പാണിത്, സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാം, കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോ,’ കോടിയേരി പരിഹസിച്ചു.

രാജ്യത്ത് ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്നും ബി.ജെ.പിക്ക് ബദലായി ഒരു സഖ്യമുണ്ടാക്കാനാണ് ഇടതുപാര്‍ട്ടികളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ അവര്‍ക്ക് ബി.ജെ.പിയുടെയോ എസ്.ഡി.പി.ഐയുടെ പരിപാടിയില്‍ പോകാന്‍ തടസമില്ല. അതൊരു പുതിയ സഖ്യമാണ്, അങ്ങനെയുള്ള അവരെങ്ങനെ ബി.ജെ.പിയെ നേരിടുമെന്നും കോടിയേരി ചോദിച്ചു.

അതേസമയം, സില്‍വര്‍ ലൈന്‍ സമരത്തിന്റെ പുതിയ അധ്യായം തുടങ്ങിയെന്നും സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ചെങ്ങന്നൂരില്‍ നടക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എല്ലാ സമരസ്ഥലത്തും യു.ഡി.എഫ് നേതാക്കള്‍ ഉണ്ടാകും. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി.

കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്, ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇതെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: Kodiyeri Balakrishnan speaks about K Rail protest

We use cookies to give you the best possible experience. Learn more