| Wednesday, 24th March 2021, 8:25 am

യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷത്തോടൊപ്പം; നേമത്ത് ബി.ജെ.പി തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടും: കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പി.സി ചാക്കോയും കെ.സി റോസക്കുട്ടിയും കോണ്‍ഗ്രസ് വിട്ടത് ഇത് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘എല്‍.ഡി.എഫ് വിജയിച്ചാല്‍ മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ നിലനില്‍ക്കൂ. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ എല്‍.ഡി.എഫിനൊപ്പം ചേരും. കോണ്‍ഗ്രസ് തോറ്റാല്‍ ബി.ജെ.പിയാകുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ജയിച്ചാലും ബി.ജെ.പിയാകും. 35 സീറ്റ് നേടിയാല്‍ ഭരണം പിടിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നതിന് കാരണം അതാണ്. ബാക്കിയുള്ള എം.എല്‍.എമാരെ കോണ്‍ഗ്രസില്‍നിന്ന് വാങ്ങാനാണ് പരിപാടി. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ മരുന്നിനു കൂട്ടാന്‍ പോലും ഒരാളും ബി.ജെ.പിയില്‍ നിന്ന് ജയിക്കില്ല. നേമത്ത് കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടും’,കോടിയേരി പറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് പരീക്ഷിച്ച അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ പ്രയോഗിക്കുന്നതെന്നും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയത് അതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മൂന്നിടത്ത് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ലാത്തതില്‍ ദുരൂഹതയുണ്ടെന്നും സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി നിരന്തരം ആക്രമണം അഴിച്ചുവിടുന്ന തലശേരിയില്‍ ബി.ജെ.പി എല്‍.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് പറയുന്നത് ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍.എസ്.എസ് വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇ.എം.എസ് പരസ്യമായി പ്രഖ്യാപിച്ച സ്ഥലം കൂടിയാണ് തലശ്ശേരി. ഗുരുവായൂരിലും യു.ഡി.എഫ്- ബി.ജെ.പി അന്തര്‍നാടകം അരങ്ങേറുന്നുണ്ട്’, കോടിയേരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Kodiyeri Balakrishnan Slams BJP

We use cookies to give you the best possible experience. Learn more