തിരുവനന്തപുരം: ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുര്‍ ശര്‍മയും ദല്‍ഹിയിലെ മീഡിയാ വിഭാഗത്തിന്റെ തലവനായ നവീന്‍കുമാര്‍ ജിന്‍ഡാലും പ്രവാചകനെ നിന്ദിച്ചതിലൂടെ രാജ്യം നാണംക്കെട്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അറബ് രാജ്യങ്ങളിലും മറ്റും തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ജീവിതത്തിന് ആര്‍.എസ്.എസ്- ബി.ജെ.പി സംഘപരിവാരം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ളതാവണം. മതവും ജാതിയും വര്‍ഗവും വര്‍ണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയം അപകടകരവും ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഈ രീതിയിലുള്ള രാഷ്ട്രീയമാണെന്നത് ബി.ജെ.പി നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യം നാണംകെട്ടുനില്‍ക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ദല്‍ഹിയിലെ മീഡിയാ വിഭാഗത്തിന്റെ തലവനായ നവീന്‍കുമാര്‍ ജിന്‍ഡാലും പ്രവാചകനെ നിന്ദിച്ചതിലൂടെ, ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ മഹനീയതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.
‘ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രവാചകനെ നിന്ദിച്ചവരെ തല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, എല്ലാ മതത്തെയും ആദരിക്കുന്നുവെന്നും ഏതെങ്കിലും മതത്തെയോ മത വ്യക്തിത്വങ്ങളെയോ അവഹേളിക്കുന്നതിന് പാര്‍ട്ടി എതിരാണെന്നുമുള്ള ഒരു പ്രസ്താവനയും പുറപ്പെടുവിച്ചു.
ആ പ്രസ്താവന തയ്യാറാക്കുമ്പോള്‍ പോലും സംഘപരിവാരത്തിന്റെ നേതാക്കളും അണികളും മുസ്‌ലിങ്ങള്‍ക്കെതിരായുള്ള വിദ്വേഷ പ്രസ്താവനകളും കുടിലനീക്കങ്ങളും നടത്തിക്കൊണ്ടിരിക്കയാണ്.
ഖത്തര്‍, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളും ഇറാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി.
ഖത്തറില്‍ പര്യടനം നടത്തുന്ന ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് നല്‍കാനിരുന്ന വിരുന്ന് ആ രാജ്യം റദ്ദാക്കി. മറ്റ് നിരവധി രാജ്യങ്ങള്‍ അനൗപചാരികമായി തങ്ങളുടെ പ്രതിഷേധം ഇന്ത്യയെ അറിയിക്കുന്നുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പല രാഷ്ട്രങ്ങളും ബഹിഷ്‌കരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു.
ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞുവരുന്നത്. 2020ലെ കണക്കനുസരിച്ച് 86 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍തേടിയിട്ടുള്ളത്. അതില്‍ 19 ലക്ഷത്തോളം പേര്‍ മലയാളികളാണ്. കൊവിഡ് പ്രതിസന്ധിക്കാലത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെങ്കിലും ഗള്‍ഫിലെ തൊഴില്‍മേഖല തിരിച്ചുവരവിന്റെ പാതയിലാണുള്ളത്. നമുക്കത് ഏറെ ആശ്വാസം പകരുന്നുമുണ്ട്. അപ്പോഴാണ് അറബ് രാജ്യങ്ങളിലും മറ്റും തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ജീവിതത്തിന് ആര്‍.എസ്.എസ് – ബി.ജെ.പി സംഘപരിവാരം പ്രതിസന്ധി സൃഷ്ടിക്കുന്നത്,’ കോടിയേരി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി, 2024ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് വര്‍ഗീയതയിലൂന്നിയുള്ള ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നത്. ഇതിനെതിരെ രാജ്യത്തിനകത്ത് നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ബി.ജെ.പി നേതൃത്വം, രാജ്യത്തിന് പുറത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നടപടികളെടുക്കാന്‍ തയ്യാറായിരിക്കുന്നു! ഈ പ്രവൃത്തിയിലെ ആത്മാര്‍ത്ഥതയില്ലായ്മ ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റും. ഈ തീക്കളി രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു.