ആസൂത്രിത കൊലപാതകങ്ങളില്‍ പൊലീസിന് പരിമിതിയുണ്ട്: കോടിയേരി ബാലകൃഷ്ണന്‍
Kerala News
ആസൂത്രിത കൊലപാതകങ്ങളില്‍ പൊലീസിന് പരിമിതിയുണ്ട്: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th April 2022, 7:10 pm

 

പാലക്കാട്: പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആസൂത്രിത കൊലപാതകങ്ങളില്‍ പൊലീസിന് പരിമിതിയുണ്ടെന്നും കോടിയേരി പറഞ്ഞു.

ആസൂത്രിതമായി കൊലപാതകം നടത്തി പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. കരുതിക്കൂട്ടി കൊലപാതകങ്ങള്‍ നടത്തിയിട്ട് പൊലീസിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടിനെ കലാപഭൂമിയാക്കാനാണ് ശ്രമം. ആലപ്പുഴയിലെ സ്ഥിതിയും സമാനമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ഇന്നലെ നടന്ന കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന കൊലപാതകം. ഇസ്‌ലാം മതവിശ്വാസികളുടെ വ്രതാനുഷ്ഠാന നാളുകള്‍ ആര്‍.എസ്.എസ് അക്രമത്തിന് തെരഞ്ഞെടുത്തത് കരുതികൂട്ടിയാണ്.

ഇന്നലെ നടന്ന കൊലപാതകത്തിനോട് എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ആര്‍.എസ്.എസിന് അറിയാമായിരുന്നു. അങ്ങിനെ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു അതിന് പിറകിലെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴയിലും ഇതുതന്നെയാണ് സംഭവിച്ചത്. പൊലീസ് ശക്തമായ നടപടി എടുത്തതോടെയാണ് അത് നിയന്ത്രിക്കാനായത്. നടപടിയെടുത്ത് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, പാലക്കാട്ടെ അക്രമങ്ങളില്‍ കടുത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പാലക്കാട്ട് മൂന്നു കമ്പനി പോലീസിനെ വിന്യസിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി. എഡിജിപി വിജയ് സാക്കറെ പാലക്കാട്ട് ക്യാമ്പ് ചെയ്യും. ജില്ലയില്‍ 144 പ്രഖ്യാപിച്ചേക്കും.