| Friday, 15th July 2022, 5:12 pm

ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസിന്റെ കോടതിയിലെ ഏത് ജഡ്ജിയുടെ വിധിയായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയത് ആരുടെ കോടതിയുടെ വിധിയായിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായി വിജയന്റെ പാര്‍ട്ടിക്കോടതിയിലാണ് ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊല്ലാനുള്ള വിധിയുണ്ടായതെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.

സി.പി.ഐ.എമ്മിന് അങ്ങനെ കോടതിയില്ല. ധീരജിന്റെ കൊലപാതകം ആരുടെ ജഡ്ജിയുടെ വിധിയാണ്. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ പറഞ്ഞുപോകുന്നത് ശരിയല്ല. കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റായിരുന്ന അബ്ദുള്‍ ഖാദര്‍ സി.പി.ഐ.ഐ എമ്മില്‍ ചേര്‍ന്നപ്പോള്‍ വെടിവച്ച് കൊല്ലുകയാണ് കോണ്‍ഗ്രസുകാര്‍ ചെയ്തത്. ഏത് കോണ്‍ഗ്രസ് കോടതി ജഡ്ജിയുടെ വിധിയായിരുന്നു അത്.

അങ്ങനെ ഓരോ കേസിലും ജഡ്ജി, വിധി എന്നൊക്കെ പറയുന്നത് നമ്മുടെ നാട്ടില്‍ ഇതുവരെ കേള്‍ക്കാത്ത ഒരു കാര്യമാണ്. വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വി.ഡി. സതീശനെ പോലെയൊരാള്‍ വെറുതേ പങ്കെടുക്കില്ല. കാര്യങ്ങള്‍ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് സതീശന്‍. പറവൂരില്‍ തോറ്റശേഷം തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിച്ചു വരണമെന്നു കരുതി ആര്‍.എസ്.എസ് വോട്ടുവാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. അതുകൊണ്ടാണ് വിചാരകേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതെന്നും കോടിയേരി പറഞ്ഞു.

വസ്തുത പറയാതെ വി.ഡി. സതീശന്‍ ഒളിച്ചു കളിക്കുകയാണ്. സി.പി.ഐ.എം നേതാവായ വി.എസും പരിപാടിയില്‍ പങ്കെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ആര്‍.എസ്.എസിനെതിരായി സംസാരിക്കാനാണ് വി.എസ്. പോയത്. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വി.ഡി. സതീശന്‍ ആ പരിപാടിയില്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ചിട്ടുണ്ടോ എന്നും സതീശന്‍ ചോദിച്ചു.

CONTENT HIGHLIGHTS: Kodiyeri Balakrishnan says Dheeraj’s murder was the verdict of which judge in the Congress court

We use cookies to give you the best possible experience. Learn more