| Tuesday, 29th March 2022, 2:46 pm

ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് പുറത്തുവരുന്നതെന്നും കോടിയേരി പറഞ്ഞു.

ഇത്തരം നിലപാട് പുനപരിശോധിക്കാന്‍ ജുഡീഷ്യറി തയാറാകണം. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു.

ജഡ്ജിമാര്‍ക്ക് പറയാനുള്ള കാര്യം ജഡ്ജിമാര്‍ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരല്ലേ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്ജി സുപ്രിം കോടതി ചീഫ് ജസ്റ്റിസായില്ലേ. ജഡ്ജിമാര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാന്‍ പാടില്ലെന്നാണോ എന്നും കോടിയേരി ചോദിച്ചു.

ദേശീയപണിമുടക്കിനെ മാത്രമല്ല ഇത് ബാധിക്കുക. ജീവനക്കാരുടെ ശമ്പളവര്‍ധനയും ആനുകൂല്യത്തിന്റെയും പ്രശ്നം വന്നാല്‍ പണിമുടക്കാനുള്ള അവകാശവും ഇല്ലാതാവും. ബി.ജെ.പിയുടെ തൊഴിലാളി സംഘടന ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂനിയനുകളും സര്‍വീസ് സംഘടനകളും ചേര്‍ന്നാണ് ദേശീയപണിമുടക്ക് നടത്തുന്നത്. സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചത് പ്രകാരമാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി അനുസരിച്ച് മാത്രമേ തുടര്‍ നടപടി സ്വീകരിക്കാനാവൂ. ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാം. ജീവനക്കാര്‍ക്കും ചോദ്യംചെയ്യാം. പുതിയ വെല്ലുവിളിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മുന്നില്‍ ഉയര്‍ന്നുവന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നഷ്ടപ്പെടും എന്ന് കണക്കാക്കി പണിമുടക്കിന് തയാറെടുക്കണം. ആ ബോധത്തിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്നും കോടിയേരി അഭ്യര്‍ത്ഥിച്ചു.

പണിമുടക്കിന്റെ ഭാഗമായി വാഹനം തടയല്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജനങ്ങള്‍ സ്വയം പണിമുടക്കില്‍ പങ്കെടുക്കുകയെന്നതാണ് സമരസമിതി ഉദ്ദേശിക്കുന്നത്. മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ട്. തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങുന്ന നിലവന്നു. തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയില്‍ മുന്‍പൊരുകാലത്തുമുണ്ടായിട്ടില്ലാത്ത ജനപങ്കാളിത്തമാണുണ്ടാതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Kodiyeri Balakrishnan says Court order denying right to strike a challenge to democracy

 

We use cookies to give you the best possible experience. Learn more