തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് പുറത്തുവരുന്നതെന്നും കോടിയേരി പറഞ്ഞു.
ഇത്തരം നിലപാട് പുനപരിശോധിക്കാന്‍ ജുഡീഷ്യറി തയാറാകണം. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു.
ജഡ്ജിമാര്‍ക്ക് പറയാനുള്ള കാര്യം ജഡ്ജിമാര്‍ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരല്ലേ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്ജി സുപ്രിം കോടതി ചീഫ് ജസ്റ്റിസായില്ലേ. ജഡ്ജിമാര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാന്‍ പാടില്ലെന്നാണോ എന്നും കോടിയേരി ചോദിച്ചു.
ദേശീയപണിമുടക്കിനെ മാത്രമല്ല ഇത് ബാധിക്കുക. ജീവനക്കാരുടെ ശമ്പളവര്‍ധനയും ആനുകൂല്യത്തിന്റെയും പ്രശ്നം വന്നാല്‍ പണിമുടക്കാനുള്ള അവകാശവും ഇല്ലാതാവും. ബി.ജെ.പിയുടെ തൊഴിലാളി സംഘടന ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂനിയനുകളും സര്‍വീസ് സംഘടനകളും ചേര്‍ന്നാണ് ദേശീയപണിമുടക്ക് നടത്തുന്നത്. സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചത് പ്രകാരമാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.