കേരളത്തില്‍ വര്‍ഗീയ സംഘങ്ങള്‍ ആയുധ പരിശീലനം നടത്തുന്നു; കലാപ പദ്ധതി വിജയിക്കാത്തത് ഇടതുപക്ഷം ശക്തമായതുകൊണ്ട്: കോടിയേരി
Kerala News
കേരളത്തില്‍ വര്‍ഗീയ സംഘങ്ങള്‍ ആയുധ പരിശീലനം നടത്തുന്നു; കലാപ പദ്ധതി വിജയിക്കാത്തത് ഇടതുപക്ഷം ശക്തമായതുകൊണ്ട്: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st March 2022, 8:58 pm

കൊച്ചി: കേരളത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷം ശക്തമായതുകൊണ്ടാണ് വര്‍ഗീയ സംഘടനകളുടെ പദ്ധതികള്‍ വിജയിക്കാതെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ഹിന്ദുത്വ വര്‍ഗീയതയുമായി ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നു. എസ്.ഡി.പി.ഐയും ആര്‍.എസ്.എസിനെപ്പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആയുധപരിശീലനം നിരന്തരം സംഘടിപ്പിക്കുന്ന സംഘടനകളാണിവ. ഇതില്‍ മുസ്‌ലിം സംഘടനകള്‍ക്ക് ഭൗതിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഇത് വളരെ ജാഗ്രതയോടെ കണക്കിലെടുക്കണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സമീപകാലത്ത് ആര്‍.എസ്.എസ് 3000 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. ഇത് കലാപത്തിനുള്ള തയ്യാറെടുപ്പാണ്. ഇവരുടെ പ്രവര്‍ത്തനം മനസിലാക്കിക്കൊണ്ട് മതനിരപേക്ഷ അടിത്തറ ശക്തിപ്പെടുത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സി.പി.ഐ.എം സംഘടന രംഗത്ത് വലിയ മാറ്റം ഉണ്ടായെന്നും പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണത്തില്‍ 63000ത്തിലേറെ വര്‍ധനവുണ്ടായെന്നും കോടിയേരി വ്യക്തമാക്കി.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം മുന്നിട്ടിറങ്ങുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി ഇടതുപക്ഷ എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.

‘2004ലെ വാജ്പേയ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും പുറത്തിറക്കിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഇടതുപക്ഷമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ല്‍ 18 സീറ്റിലും ഇടതുപക്ഷം വിജയിച്ചു.

അതിനാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ സാധിച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ ഉണ്ടാവില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ 20ല്‍ 19 സീറ്റിലും വിജയിച്ച കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷമാകാന്‍പോലും സാധിച്ചില്ല. ഇത് മനസ്സിലാക്കി കേരള ജനത ഇടതുപക്ഷത്തിന് ഒപ്പം ചേരണം,’ കോടിയേരി പറഞ്ഞു.

കഴിഞ്ഞ സമ്മേളനം കഴിഞ്ഞതുമുതലുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് വിമര്‍ശനപരമായി അവലോകനം ചെയ്ത റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടിക്ക് വന്‍ വളര്‍ച്ചയുണ്ടാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞു. കഴിഞ്ഞ സമ്മേളനത്തില്‍ എടുത്ത മുഖ്യ തീരുമാനമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുക എന്നുള്ളത്. ആ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.