കടകംപള്ളിയെ തള്ളി കോടിയേരി; വിശ്വാസിയാണെങ്കില്‍ ആക്റ്റിവിസ്റ്റിനും പോകാം
Sabarimala women entry
കടകംപള്ളിയെ തള്ളി കോടിയേരി; വിശ്വാസിയാണെങ്കില്‍ ആക്റ്റിവിസ്റ്റിനും പോകാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 4:47 pm

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. ആക്റ്റിവിസ്റ്റുകള്‍ ശബരിമലയില്‍ പോകരുത് എന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കോടിയേരി വ്യക്തമാക്കി. വിശ്വാസിയാണെങ്കില്‍ ആക്റ്റിവിസ്റ്റിനും പോകാമെന്നും പ്രതിഷേധിക്കാനാണ് ശബരിമലയില്‍ പോകുന്നതെങ്കില്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തെറ്റാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ കടകംപള്ളി നിലപാട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ കയറണം എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും കോടിയേരി വ്യക്തമാക്കി.

കോണ്‍ഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് ജനം തിരിച്ചറിയണമെന്നും ശബരിമല സഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു. കോടതിയില്‍ കേസ് നടന്നപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും എവിടെയായിരുന്നു എന്നും കോടിയേരി ചോദിച്ചു.


“ബി.ജെ.പി എന്തുകൊണ്ട് റിവ്യൂ ഹരജി നല്‍കിയില്ല. ഹരജി നല്‍കുന്നത് ദേവസ്വം ബോര്‍ഡിനു തീരുമാനിക്കാമെന്നും” കോടിയേരി പറഞ്ഞു. “ശനീശ്വരക്ഷേത്രങ്ങളിലും ഹാജി അലിദുര്‍ഗയിലും പ്രവേശനം അനുവദിച്ചത് ബി.ജെ.പിയാണ്. പോലീസില്‍ മതപരമായ ചേരിതിരിവുണ്ടാക്കാനും ബി.ജെ.പി ശ്രമിക്കുന്നതായി കോടിയേരി പറഞ്ഞു.

ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണരുത് എന്നാണ്
കടകംപള്ളി പറഞ്ഞത്. രഹന ഫാത്തിമ, കവിത എന്നീ യുവതികള്‍ ശബരിമല കയറാന്‍ പോയതുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ പ്രതികരണമായിരുന്നു ഇത്.

“നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കും. വിശ്വാസികളല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് യുവതികളെ നടപ്പന്തലില്‍ തടഞ്ഞതെന്ന്” മന്ത്രി പറഞ്ഞിരുന്നു. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.