Kerala News
ജി. സുധാകരനുമായി പാര്‍ട്ടിക്ക് പ്രശ്‌നങ്ങളില്ല: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 02, 01:27 pm
Saturday, 2nd April 2022, 6:57 pm

കണ്ണൂര്‍: ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ യാതൊരു വിധ പ്രശ്‌നവുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ല എന്നതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് കോടിയേരി പറഞ്ഞു.

സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരമൊരു പ്രതിനിധിയെ തീരുമാനിച്ചിട്ടുമുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതെന്ന് ജി. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

വിഷയം ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയതായും തനിക്ക് പകരം മറ്റൊരാള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ജി. സുധാകരന് പകരം മറ്റൊരാളെ പാര്‍ട്ടി നേതൃത്വം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എ. മഹേന്ദ്രനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്നും ജി. സുധാകരന്‍ കത്തില്‍ പറയുന്നുണ്ട്. സംസ്ഥാന സമിതിയില്‍ 75 വയസെന്ന പ്രായ പരിധി കര്‍ശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസുള്ള ജി. സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി. സുധാകരന്‍ പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്.

എന്നാല്‍ ജി. സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Content Highlights: Kodiyeri Balakrishnan says about G Sudhakaran