| Sunday, 20th February 2022, 4:53 pm

ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനം: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കൂടിക്കാഴ്ച നടത്തിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ തിരുത്തിയെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി ഇടപെടേണ്ട സ്ഥിതി നിലവിലുണ്ടായിട്ടില്ല. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും അങ്ങനെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പലതും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഇടപെടല്‍ വരുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കും. ഇപ്പോഴത്തെ പ്രശ്‌നം കെട്ടടങ്ങിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

വസ്തുതകള്‍ മനസിലാക്കാന്‍ ചോദ്യങ്ങള്‍ ഉന്നിയിക്കുന്നത് തെറ്റല്ലെന്നായിരുന്നു മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ പരസ്യ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് കോടിയേരി പറഞ്ഞത്. 1984 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് പെന്‍ഷനുണ്ടെന്നും അതൊരു പുതിയ നടപടിയല്ലെന്നും അത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

ഭരണഘടനാ പരിധിയിലുള്ള ഗവര്‍ണറുടെ അഭിപ്രായ പ്രകടനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അതിന് വിഭിന്നമായി പ്രതികരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം ശിപാര്‍ശ ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം സംബന്ധിച്ച പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറുപടിയിലാണ് കേരള സര്‍ക്കാര്‍ വിഷയം ഉന്നയിച്ചിരിക്കുന്നത്.

ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് ശിപാര്‍ശ. ഗവര്‍ണറെ പുറത്താക്കുന്നത് സംബന്ധിച്ച് നിലവില്‍ നടപടികളില്‍ വ്യക്തതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നിരന്തരം അസ്വാരസ്യം ഉടലെടുത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു.

Kodiyeri Balakrishnan said that the meeting between Chief Minister Pinarayi Vijayan and Governor Arif Mohammad Khan was a natural step.

We use cookies to give you the best possible experience. Learn more