| Monday, 10th January 2022, 5:01 pm

സുധാകരന്റെ സെമി കേഡര്‍ ഇങ്ങനെയാണെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ആലോചിക്കണം; ധീരജിന്റെ കൊലപാതകത്തില്‍ കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്ന ശേഷം പ്രകോപന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകരരെ ആക്രമത്തിലേക്ക് തള്ളി വിടുകയാണ് സുധാകരന്‍ ചെയ്യുന്നത്. അതിന്റെ ഭാഗമാണ് ഇടുക്കിയില്‍ നടന്ന സംഭവമെന്നും ആക്രമങ്ങളിലൂടെ കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ജനങ്ങള്‍ ആലോചിക്കണം. കോളേജ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്. ധീരജിന്റേത് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകമാണെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, കൊലപാതത്തില്‍ ഒരാളെ പൊലീസ് അറ്സ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.

എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിനെ കുത്തിയ ആള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് കെ.എസ.യു കാപാലികര്‍ കുത്തി കൊലപ്പെടുത്തിയ സഖാവ് ധീരജിന്റെ രക്തസാക്ഷിത്വം അങ്ങേയറ്റം വേദനാജനകമാണ്. ഈ പൈശാചിക രാഷ്ട്രീയം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. കൊലക്കത്തി രാഷ്ട്രീയം കൈവെടിയാന്‍ കെ.എസ.യുവും യൂത്ത് കോണ്‍ഗ്രസും തയ്യാറാവണം.

കൊലപാതക രാഷ്ട്രീയത്തിന്റെ പാഠശാലകളാക്കി കലാലയങ്ങളെ മാറ്റുന്ന രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനകീയമായ തിരിച്ചടി നേരിടുമെന്നത് കോണ്‍ഗ്രസും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും തിരിച്ചറിയണം.

കെ.എസ്.യുക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണെന്നാണ് മനസ്സിലാക്കുന്നത്. കാമ്പസിന് പുറത്തുനിന്ന് എത്തിയ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലുള്ളത്.

യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഇത്തരം പാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും zപാലീസ് അധികൃതര്‍ ജാഗരൂകരാകണം. ജനാധിപത്യത്തിന്റെ സര്‍ഗാത്മകത മുന്നോട്ടുവെക്കേണ്ട കോളേജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ഈ കൊലപാതകം മനുഷ്യമനസ്സാക്ഷിയെ നടുക്കുന്നതാണ്. സഖാവ് ധീരജിന് ആദരാഞ്ജലികള്‍. അന്ത്യാഭിവാദ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Kodiyeri Balakrishnan said that the Congress was taking a provocative stance after KPCC president elected  Sudhakaran’s arrival

We use cookies to give you the best possible experience. Learn more