| Sunday, 29th May 2022, 12:27 pm

യു.ഡി.എഫിനെ ബാന്‍ഡുകൊട്ടി തോല്‍പ്പിക്കും; തൃക്കാക്കര സര്‍ക്കാരിന്റെ വിലയിരുത്തലാകും: കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സര്‍ക്കാരിന്റെ വിലയിരുത്തലാകും തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ കോട്ട തകരുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാജയത്തെ തുടര്‍ന്നുള്ള ഉരുള്‍പൊട്ടലിന്റെ ആഴം ഫലം വരുമ്പോള്‍ അറിയാമെന്നും കോടിയേരി വ്യക്തമാക്കി.

എല്‍.ഡി.എഫിനെ ചെണ്ട കൊട്ടി തോല്‍പ്പിക്കണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്നാല്‍, നിങ്ങളെ ബാന്‍ഡുകൊട്ടി തോല്‍പ്പിക്കുമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തില്‍ പല യു.ഡി.എഫ് നേതാക്കള്‍ക്കും പ്രതിഷേധമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

പത്മജ വേണുഗോപാലിന്റെ പ്രതിഷേധം വന്നു. ഈ നിലപാടിനെ അവര്‍ അപലപിച്ചിരിക്കുന്നു. ഇത്തരം ശൈലി കോണ്‍ഗ്രസിന് യോജിച്ചതല്ല എന്നാണ് കെ. കരുണാകരന്റെ മകളുടെ പ്രതികരണം. ഇത് കോണ്‍ഗ്രസിന് പറ്റിയ ശൈലിയല്ല, ഇതിനെ അപലപിക്കേണ്ടതാണ് എന്ന് എഐസിസി അംഗം സിമ്മി റോസ് ബെല്‍ ജോണിന്റെ അഭിപ്രായവും പുറത്തുവന്നു. ഇത്തരം അഭിപ്രായമുള്ള ധാരാളമാളുകള്‍ യു.ഡി.എഫിലുണ്ട്. അത്തരം ആളുകള്‍ മെയ് 31ന് പോളിങ്ബൂത്തില്‍ പോകുമ്പോള്‍ തനിക്കും ഒരു കുടുംബമുണ്ട്, ഇതാവര്‍ത്തിക്കരുതെന്ന് കോണ്‍ഗ്രസിനെ അറിയിക്കണമെന്നും കോടിയേരി പറഞ്ഞു.

ഇങ്ങനെ ഒരു വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരു അമൃത് കിട്ടിയതുപോലെയാണത് പറഞ്ഞത്. ആ ചെയ്തത് തെറ്റാണ്, അവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ല എന്നുപറയേണ്ട പ്രതിപക്ഷ നേതാവാണ് ഇങ്ങനെ ന്യായീകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യസംഭവമാണിത്. എത്രമാത്രം അപകടകരമാണിത്. ഡോക്ടര്‍ക്ക് ഒരു കുടുംബമില്ലേ. ആരെക്കുറിച്ചും ഇങ്ങനെ പ്രവര്‍ത്തിച്ചുകൂടെ. ഇതൊക്കെ വീടുകളില്‍ ഉണ്ടാക്കുന്ന ദുഃഖം കാണാന്‍പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. രാഷ്ട്രീയം പറയാന്‍ യു.ഡി.എഫ് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Kodiyeri Balakrishnan said that the by-election in Thrikkakara will be the assessment of the government

We use cookies to give you the best possible experience. Learn more