കണ്ണൂര്‍: കോണ്‍ഗ്രസില്‍ അഞ്ച് ആളുകള്‍ കൂടിയാല്‍ ആറ് ഗ്രൂപ്പാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു കാര്യത്തിലും കൃത്യമായ അഭിപ്രായമില്ലാത്തതും വ്യക്തമായ നേതൃത്വമില്ലാത്തതും കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം അപചയമാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്‍ തന്നെ ഐ.എന്‍.ടി.യു.സിയുടെ നേതാവാണ്. പക്ഷേ അദ്ദേഹം പറയുന്നത് ഐ.എന്‍.ടി.യു.സിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ്. പിന്നെ അദ്ദേഹം എന്തിനാണ് ഐ.എന്‍.ടി.യു.സി.യില്‍ പ്രവര്‍ത്തിക്കുന്നത്. സുധാകരന്‍ ഒന്ന് പറയുന്നു, ചന്ദ്രശേഖരന്‍ വേറൊന്ന് പറയുന്നു, സതീശന്‍ മറ്റൊന്ന് പറയുന്നു. നാല് പേര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അഞ്ച് അഭിപ്രായമായെന്നും കോടിയേരി പരിഹസിച്ചു.
മഹാത്മഗാന്ധിക്ക് പോലും കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് വിചാരിച്ചത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
യു.പി.എ സര്‍ക്കാരില്‍ ഒരുമിച്ചുണ്ടായവരാണെന്ന ധാരണ പോലുമില്ലാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. സി.പി.ഐ.എം വിരുദ്ധ നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയാല്‍ സ്വഗതം ചെയ്യും. കെ.വി. തോമസ് വന്നാല്‍ ‘സുസ്വാഗതം’ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.