തിരുവനന്തപുരം: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അലനേയും താഹയേയും സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയെന്നും കോടിയേരി പറഞ്ഞു.
‘ഇപ്പോഴവര്‍ സി.പി.ഐ.എമ്മുകാരല്ല, അലനേയും താഹയേയും സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കി’, കോടിയേരി പറഞ്ഞു.
ഇരുവരേയും പുറത്താക്കിയത് സി.പി.ഐ.എം പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. അവര്‍ ഒരേ സമയം സി.പി.ഐ.എമ്മിലും മാവോയിസ്റ്റ് സംഘടനയിലും പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റുകളാണെന്ന പരാമര്‍ശം നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നയിച്ചിരുന്നു.
അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ കേസില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കത്തയച്ചിരുന്നു.
കേസ് സംസ്ഥാന പോലീസില്‍ ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
കേസ് എന്‍.ഐ.എയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി.