|

കോടിയേരിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി; വിലാപയാത്ര പയ്യാമ്പലത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സഖാവ് കോടിയേരിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. കോടിയേരിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പയ്യാമ്പലത്തേക്ക് പോകുകയാണ്. സി.പി.ഐ.എം ജനറnറപസക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. കുടുംബാംഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കുമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാകുക.

ഇ.കെ. നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍ സ്റ്റേജിലാണ് അനുശോചന യോഗം ചേരുക.

ചെന്നൈയില്‍ നിന്ന് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിച്ച മൃതദേഹം ഞായര്‍ രാത്രി പത്തോടെയാണ് കോടിയേരിയുടെ വീട്ടിലേക്ക് എത്തിച്ചത്. എട്ട് മണിക്കൂറോളം തലശ്ശേരി ടൗണ്‍ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നേതാക്കളും എം.എല്‍.എമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരിയുടെ വിയോഗം. ഞായറാഴ്ച ഒരു മണിയോടെ ഭൗതിക ദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു.

വിമാനത്താവളത്തില്‍ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്നു.

Content Highlight: Kodiyeri Balakrishnan’s Mourning journey to Payyambalam