തിരുവനന്തപുരം: സി.പി.ഐ.എമ്മിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി സ്ത്രീ വിരുദ്ധമാണെന്ന പരാതിയില്‍ വിശദീകരണവുമായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കാര്യങ്ങള്‍ അറിയാതെയാണ് പരാതി ഉയര്‍ന്നിട്ടുള്ളതെന്നും താനൊരു കുസൃതി ചോദ്യത്തിന് മറുപടി പറഞ്ഞതാണ് ചര്‍ച്ചയായതെന്നുമാണ് കോടിയേരി പറഞ്ഞത്. പ്രസ്തുത വിഷയത്തില്‍ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നും സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
പാര്‍ട്ടി സെക്രട്ടറിയായി ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും പാര്‍ട്ടി തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വമെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു വിവാദങ്ങള്‍ക്കിടയാക്കിയ സംഭവം നടന്നത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോയെന്ന ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നായിരുന്നു കോടിയേരി പറഞ്ഞത്.
എന്നാല്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങള്‍ കമ്മറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോയെന്നാണ് തമാശരൂപത്തില്‍ കോടിയേരി ചോദിച്ചത്.
കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
‘കോടിയേരിയെ അറിയാത്തവരായി ആരുമില്ല. അങ്ങനെയൊരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല.
കോടിയേരി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്, അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം,’ എന്നായിരുന്നു ശൈലജ ടീച്ചര്‍ പറഞ്ഞത്.
സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരിയെന്നും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.
അമ്പത് ശതമാനം സ്ത്രീകള്‍ സംസ്ഥാന സമിതിയില്‍ എത്തിയാല്‍ കമ്മിറ്റി തകരുമെന്നാണ് അദ്ദേഹം പറഞ്ഞത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ഒരു അര്‍ത്ഥത്തില്‍ കോടിയേരി പറയാനേ ഇടയില്ലെന്നും അങ്ങനെ പറയുകയില്ലെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Kodiyeri Balakrishnan’s Justification on his statement about women’s representation in party