| Wednesday, 20th April 2022, 4:12 pm

കലാപ ശ്രമമുണ്ടാക്കി സര്‍ക്കാരിനെ പഴിചാരുകയാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും; വര്‍ഗീയതക്കെതിരെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സി.പി.ഐ.എം പ്രക്ഷോഭം സംഘടിപ്പിക്കും: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട്ടെ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ സി.പി.ഐ.എം എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ബഹുജനങ്ങളെ പങ്കെടുപ്പിച്ച് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ആര്‍.എസ്.എസിന്റേയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പാലക്കാട്ടെ ആര്‍.എസ്.എസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രിതമാണ്. വര്‍ഗീയ കലാപത്തിനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്. വര്‍ഗീയതയ്ക്കെതിരെ ശക്തമായ ക്യാമ്പയ്ന്‍ സംഘടിപ്പിക്കും.

ഭൂരിപക്ഷ, ന്യൂനപക്ഷം വര്‍ഗീയതകള്‍ ചൂണ്ടിക്കാണിച്ച് പരസ്പരം വളരാനുള്ള പരിശ്രമമാണ് നടക്കുന്നത്. വിവിധ മതവിശ്വാസികളില്‍ ഭീതിപരത്തി രക്ഷകന്മാര്‍ ഞങ്ങളാണ് എന്ന് വരുത്താന്‍ പരിശ്രമിക്കുകയാണ്. മതത്തിന്റെ പേരുപറഞ്ഞാണ് ജനങ്ങളെ തിരിക്കുന്നത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ വര്‍ഗീയ തീവ്രവാദ നിലപാടുകള്‍ക്കെതിരെ നിലപാട് സ്വീകരിക്കണം. മഹാഭൂരിപക്ഷം ജനങ്ങളും വര്‍ഗീയവാദത്തിനും കൊലപാതകത്തിനും എതിരാണെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും. വര്‍ഗീയ തീവ്രവാദ നിലപാടുകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. കൊലപാതകങ്ങള്‍ക്കുശേഷം ആര്‍.എസ്.എസും എസ്.ഡി.പിഐയും സര്‍ക്കാരിനും പൊലീസിനുമെതിരായാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരമാക്കുക എന്നതാണ് ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.

ആലപ്പുഴ സംഭവങ്ങള്‍ക്കുശേഷം സംസ്ഥാനത്താകെ പ്രകടനം നടത്തി കലാപം നടത്താനുള്ള ആര്‍.എസ്എസ് ശ്രമം പൊലീസ് പ്രതിരോധിച്ചതാണ്. വര്‍ഗീയവാദികള്‍ക്കെതിരെ സുശക്തമായ നിലപാടാണ് എല്‍.ഡി.എഫിനുള്ളത്. കലാപകാരികളെ അടിച്ചമര്‍ത്തണം. സമാധാന ജീവിതം ഉറപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ആലപ്പുഴയിലും പാലക്കാടും യു.ഡി.എഫ് ഭരണകാലത്താണ് വര്‍ഗീയ കലാപങ്ങള്‍ നടന്നത്. ഇപ്പോള്‍ അത്തരമൊരു നിലയിലേക്ക് നീങ്ങാത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണ്. വര്‍ഗീയവാദികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ട്. ആ രോഷം സര്‍ക്കാരിനെതിരായി തിരിച്ചുവിടുകയാണ് ഇവരുടെ ലക്ഷ്യം. ഈ വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാട് അത്ഭുതകരമാണ്. രണ്ട് കൊലപാതകങ്ങളെയും അപലപിച്ചില്ല. തള്ളിപ്പറയാനോ അവരുടെ നിലപാട് തുറന്നുകാണിക്കാനോ തയ്യറായിട്ടില്ല. സങ്കുചിതമായ രാഷ്ട്രീയ നിലപാട് നമ്മുടെ നാടിന് അനുകൂലമല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതനിരപേക്ഷ പാരമ്പര്യം സ്വീകരിക്കണം. താല്‍ക്കാലിക നേട്ടത്തിന് ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കരുതെന്നും കോടിയേരി പറഞ്ഞു.

രാജ്യത്ത് രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ഒമ്പത് സംസ്ഥാനത്ത് മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണം നടത്തി. മധ്യപ്രദേശില്‍ മുസ്‌ലിം വിശ്വാസികളുടെ 50 കെട്ടിടങ്ങള്‍ ഘോഷയാത്രയുടെ പേരുപറഞ്ഞ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അവിടുത്തെ സര്‍ക്കാര്‍ ഇതിനെല്ലാം അനുവാദം നല്‍കി. മാംസം വിറ്റതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ഒരാളെ തല്ലിക്കൊന്നു. ഇതൊന്നും യാദൃശ്ചികമല്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കലാപം നടത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അതുതന്നെയാണ് അവര്‍ കേരളത്തിലും ലക്ഷ്യമിടുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്ത് സി.പി.ഐ.എമ്മിനെതിരായും ആര്‍.എസ്.എസ് കൊലപാതകം നടത്തി. തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി സഖാവ് സന്ദീപ്, തലശ്ശേരിയിലെ മത്സ്യത്തൊഴിലാളി സഖാവ് ഹരിദാസ് എന്നിവെരെ മൃഗീയമായി കൊലപ്പെടുത്തി. ഇതെല്ലാം സി.പി.ഐ.എമ്മിനെ പ്രകോപിപ്പിക്കാന്‍ ചെയ്തതായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു. വ്യാപകമായ കലാപം നടത്തുക, സി.പി.ഐ.എമ്മിനെ തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബി.ജെ.പിയില്‍ കലാപം നടക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പിക്ക് കയ്യിലുണ്ടായിരുന്നു ഒരു സീറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായി. 35 സീറ്റ് നേടുമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം തന്നെ കുറഞ്ഞു. ഈ സഹാചര്യത്തില്‍നിന്ന് തിരിച്ചുവരാനാണ് കലാപം നടത്തുന്നത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ ബഹുജന ക്യാമ്പയ്ന്‍ സി.പി.ഐ.എം സംഘടിപ്പിക്കും. ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീര്‍ക്കും. ഇതിന്റെ ഭാഗമായി ഏപ്രില്‍ 25,26 രണ്ട് ദിവസം ഏരിയയില്‍ ഒരു കേന്ദ്രത്തില്‍ റാലി, പ്രകടനം പൊതുയോഗം എന്നിവ സംഘടിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Content Highlights: Kodiyeri Balakrishnan  RSS and SDPI are blaming the government for the riots; CPI (M) will organize agitation against communalism in all area centers:

We use cookies to give you the best possible experience. Learn more