| Thursday, 23rd May 2019, 6:13 pm

ബി.ജെ.പിയെ അംഗീകരിച്ചില്ലെന്നതു കേരളത്തിന് അഭിമാനം: തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകുമെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി പാര്‍ടിയും എല്‍.ഡി.എഫും പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2004ല്‍ എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്ന തരംഗം ഇത്തവണ യു.ഡി.എഫിന് അനുകൂലമായെന്നും കോടിയേരി പറഞ്ഞു.

ദേശീയതലത്തില്‍ വിജയിച്ചിട്ടും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ അംഗീകരിച്ചില്ലെന്നതു മതനിരപേക്ഷ കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി പാര്‍ടിയും എല്‍.ഡി.എഫും പരിശോധിക്കും. എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി മുന്നോട്ടു പോകും. ബിജെപി ഭരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുതകുന്ന പ്രചരണമാണ് എല്‍ ഡി എഫ് പ്രധാനമായും നടത്തിയത്. അതിന്റെ ഗുണം യു.ഡി.എഫിന് അനുകൂലമായി വരികയാണ് ചെയ്തത്. മോഡി, ഭരണത്തില്‍ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷവോട്ടുകള്‍ ഗണ്യമായി സ്വാധീനിക്കാന്‍ യു.ഡി.എഫിനായി. സംഘടനാപരമായി എന്തെങ്കിലും പ്രശ്നം എല്‍.ഡി.എഫിനെ ബാധിച്ചതായി പറയാനാകില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റ് വിശദാംശങ്ങളെല്ലാം മണ്ഡലം-ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

എല്‍.ഡി.എഫിനുണ്ടായ ഈ പരാജയം താല്‍കാലികം മാത്രമാണ്. ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. മുന്‍പും ഇടതുപക്ഷം തോല്‍വി നേരിട്ടിട്ടുണ്ട്. പിന്നീട് ശക്തമായി തിരിച്ചു വന്നിട്ടുമുണ്ട്. ഈ പരാജയത്തിന്റെ ആഴം മനസ്സിലാക്കി ജനങ്ങളിലേക്ക് കൂടുതല്‍ ഇഴുകിചേര്‍ന്നു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തിലെ സംഭവങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ സന്തോഷിക്കുന്നവരല്ല ഇടതുപക്ഷം. ദേശീയ തലത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും അഭിമാനിക്കാവുന്ന സാഹചര്യമല്ല. ഈ വസ്തുതകളെല്ലാം വിലയിരുത്തി, തെറ്റുകള്‍ തിരുത്തി, കൂടുതല്‍ ശക്തിയോടെ മുന്നോട്ടു പോകാന്‍ ഇടതുപക്ഷം തയ്യാറാവുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more