കോഴിക്കോട്: സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ വ്യവസായശാലയ്ക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെയ്പ്പിനെതിരെ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്രൂരമായ ഭരണകൂട വേട്ടയാണ് തൂത്തുക്കുടിയില്‍ അരങ്ങേറുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ വ്യവസായശാലയ്ക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെയ്പ്പ് തീര്‍ത്തും അപലപനീയമാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. “ക്രൂരമായ ഭരണകൂട വേട്ടയാണ് തൂത്തുക്കുടിയില്‍ അരങ്ങേറുന്നത്. ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച സി.പി.ഐ.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി സഖാവ് കെ. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി,” കോടിയേരി പറഞ്ഞു.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാര്‍, ജനങ്ങളെ പരിഗണിക്കാന്‍ തയ്യാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. വിവാദ വ്യവസായശാല ഉടന്‍ തന്നെ അടച്ചുപൂട്ടാനുള്ള നടപടിയാണ് തമിഴ്നാട് സര്‍ക്കാര്‍ ഉടനടി കൈക്കൊള്ളേണ്ടതെന്നും എല്ലാ കക്ഷികളുമായും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ബെംഗളൂരുവില്‍ മുഖം കൊടുത്തില്ലെങ്കിലും പിണറായി വിജയന് പിറന്നാളാശംസകളുമായി മമതാ ബാനര്‍ജി
“ഈ കൂട്ടക്കൊലയെക്കുറിച്ച് മദ്രാസ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തുവാനും ജനങ്ങളെ വെടിവച്ചു വീഴ്ത്തിയ ക്രൂരതയ്ക്ക് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ ഉടന്‍ തന്നെ നിയമനടപടി സ്വീകരിക്കാനും തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാവണം”, കോടിയേരി വ്യക്തമാക്കി.
Watch DoolNews :