| Wednesday, 25th October 2017, 11:09 pm

കാര്‍ ആരുടേതാണെന്ന് അറിയില്ലായിരുന്നു; വീഴ്ച്ച സംഭവിച്ചതായി കരുതുന്നില്ല; സ്വര്‍ണകടത്തുകാരന്റെ കാറില്‍ സഞ്ചരിച്ചെന്ന ആരോപണത്തിനു മറുപടിയുമായി കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയ്ക്കിടെ സ്വര്‍ണകടത്തുകാരന്റെ കാറില്‍ സഞ്ചരിച്ചെന്ന ആരോപണത്തിനു മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാര്‍ ആരുടേതാണെന്ന് അറിയില്ലായിരുന്നെന്നും സംഭവത്തില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘സര്‍വ്വ മതങ്ങളിലേക്കും ലോകത്തേക്കും സൗദിയെ തുറന്നിടും’; സൗദി അറേബ്യ മിതത്വമുള്ള ഇസ്‌ലാമിക പാരമ്പര്യം പിന്തുടരുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍


ജനജാഗ്രതാ യാത്ര കോഴിക്കോട് കൊടുവള്ളിയിലെത്തിയപ്പോള്‍ ജാഥാ ക്യാപ്റ്റനായ കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനമാണെന്ന ആരോപണവുമായി ബി.ജെ.പിയും മുസ്‌ലിം ലീഗുമായിരുന്നു രംഗത്ത് വന്നത്.

വിവാദത്തോട് പ്രതികരിക്കവേയാണ് കോടിയേരി വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്ന് പറഞ്ഞത്. “കാര്‍ ആരുടേതാണെന്ന് അറിയില്ലായിരുന്നു. സംഭവത്തില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചതായി കരുതുന്നില്ല. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വമാണ് വാഹനം ഏര്‍പ്പാടാക്കിയത്” കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് നടപടി നേരിടുന്ന നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പര്‍ കാറാണ് കോടിയേരി ഉപയോഗിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ആരോപിച്ചിരുന്നത്.

മുസ്ലീം ലീഗ് നേതൃത്വവും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് റസാഖിന്റെ കാറുപയോഗിച്ചത് സി.പി.ഐ.എമ്മും സ്വര്‍ണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് മായിന്‍കുട്ടി ഹാജി പറഞ്ഞത്.


Dont Miss: ‘കണ്‍തുറന്നു കാണൂ’; ഏകദിന ടീമില്‍ നിന്നു ഒഴിവാക്കിയ ബി.സി.സിയ്ക്ക് മുന്നില്‍ ഓര്‍മ്മപ്പെടുത്തലുമായി ജഡേജ


കൊടുവള്ളി പഞ്ചായത്ത് അംഗവും കൊടുവള്ളി ഐറിഷ് ഗോള്‍ഡ് ഉടമയുമായ ഫൈസല്‍ കാരാട്ടിനെതിരെ കോഫോപോസ കേസ് ചുമത്തിയിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ ഫൈസലിനെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റു ചെയ്തത്.

We use cookies to give you the best possible experience. Learn more