തിരുവനന്തപുരം: ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വെച്ച് കേരളത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കരുതെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിനെ സഹായിക്കുമെന്നും കോണ്‍ഗ്രസിന് അനുകൂല നിലപാടുകള്‍ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം.എമ്മിനെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന കാര്യത്തില്‍ പൂര്‍ണ യോജിപ്പാണുള്ളതെന്നും അക്കാര്യത്തില്‍ ഇന്ത്യയിലിന്ന് പ്രാദേശിക കക്ഷികള്‍ പ്രധാനപ്പെട്ട ഘടകമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വര്‍ഗീയ പ്രീണനമാണ് ബി.ജെ.പി ഉപയോഗപ്പെടുത്തിയത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
”കോണ്‍ഗ്രസിനെ ബദലായിട്ട് കാണുന്നത് പ്രായോഗികമല്ല. 11 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇതര സര്‍ക്കാരുണ്ട്. അതില്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസുള്ളത്. ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം പ്രാദേശിക കക്ഷികളും കേരളത്തില്‍ ഇടതുപക്ഷവുമാണ് ഭരിക്കുന്നത്. പ്രാദേശിക കക്ഷികളെയെല്ലാം മാറ്റിനിര്‍ത്തി ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ല. ആ യാഥാര്‍ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുള്ള ദേശീയ ബദലാണുണ്ടാവേണ്ടത്,’ കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പി.ടി തോമസ് അനുസ്മരണ സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിവാദ പ്രസ്താവനയുണ്ടായത്.
കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെല്‍പ് ഇടതുപക്ഷത്തിന് ഇല്ല.
കോണ്‍ഗ്രസ് വലിയ പ്രാധാന്യമുള്ള പാര്‍ട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തിരിച്ചറിവുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി.ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.
ബിനോയ് വിശ്വത്തിനെ പ്രസ്താവനയെ സി.പി.ഐ പാര്‍ട്ടി പത്രം ജനയുഗം പിന്തുണച്ചിരുന്നു.
ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് സമിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്നും ഇത്തരം പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.