| Friday, 13th November 2020, 1:20 pm

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം  സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനാണ് പകരം ചുമതല.

ചികിത്സാര്‍ത്ഥം തനിക്ക് മാറിനില്‍ക്കേണ്ടതുണ്ടെന്ന കാര്യം കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു.

‘സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.’ – ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

തുടര്‍ ചികിത്സയ്ക്കായാണ് അവധി ചോദിച്ചിരിക്കുന്നത്. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയും ബിനീഷ് ജയിലാവുകയും ചെയ്തതിന് പിന്നാലെയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നത്.

അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നു.

ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

updating..

We use cookies to give you the best possible experience. Learn more