| Friday, 4th September 2020, 7:00 pm

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷിനെ തൂക്കിക്കൊല്ലട്ടെ: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലഹരി മരുന്ന് കേസില്‍ കുറ്റക്കാരനാണെങ്കില്‍ ബിനീഷിനെ ശിക്ഷിക്കട്ടെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ മകനെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റക്കാരനെന്ന് കണ്ടെത്തി തൂക്കിക്കൊല്ലണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്യുന്ന മകനെ സംരക്ഷിക്കാന്‍ ഒരു രക്ഷിതാവും ആഗ്രഹിക്കില്ല. എന്തും നേരിടാന്‍ താന്‍ തയ്യാറാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കേസില്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വെഞ്ഞാറമൂട് രക്തസാക്ഷികളെ കോണ്‍ഗ്രസ് ഗുണ്ടകളെന്ന് ആക്ഷേപിക്കുകയാണ്. കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ഈ നിലപാട് അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഏരിയ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍ ജോസ്.കെ മാണിക്ക്പിറകെയാണ്. യു.ഡി.എഫിന് വേണ്ടപ്പെട്ട ആളായി അദ്ദേഹം മാറിയിരിക്കുകയാണ്. ജോസ്.കെ മാണി നിലപാട് വ്യക്തമാക്കിയാല്‍ സി.പി.ഐ.എം അഭിപ്രായം പറയും- കോടിയേരി പറഞ്ഞു.

സി.പി.ഐ.എം ജോസ്.കെ മാണിയോട് നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നും യു.ഡി.എഫ് പുറത്താക്കിയാല്‍ അദ്ദേഹം തെരുവിലാകില്ലെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ച ഭക്ഷ്യകിറ്റ് കോണ്‍ഗ്രസുകാര്‍ക്കും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതി വിപ്ലവകരമായ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: kodiyeri balakrishnan press meet

We use cookies to give you the best possible experience. Learn more