| Wednesday, 8th November 2017, 1:23 pm

ആരു തെറ്റുചെയ്താലും സംരക്ഷിക്കില്ല; കര്‍ശന നടപടിയുണ്ടാകുമെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തെറ്റ് ചെയ്തത് ആരായാലും സംരക്ഷിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ പരാതിയില്‍ ഹൈക്കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.


Also Read: ‘പാവങ്ങള്‍ കയ്യേറിയാല്‍ ബുള്‍ഡോസര്‍കൊണ്ട് ഒഴിപ്പിക്കില്ലേ; തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന എന്തിന്; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


കുറ്റക്കാരെ പാര്‍ട്ടിയോ മുന്നണിയോ സംരക്ഷിക്കുകയില്ലെന്നു പറഞ്ഞ അദ്ദേഹം തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിയമപരമായ പരിശോധനയ്ക്ക് വിഷയം വിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടിയുണ്ടാകുമെന്നും പറഞ്ഞു.

“തോമസ് ചാണ്ടിയുടെ വിഷയം യു.ഡി.എഫ് ഉന്നയിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണ്. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിന്മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ച ശേഷം നടപടി ഉണ്ടാവും” കോടിയേരി പറഞ്ഞു.

നേരത്തെ തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന നല്‍കുന്നത് എന്തിനാണെന്നും സാധാരണക്കാരന്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നും കോടതി ചോദിച്ചിരുന്നു.


Dont Miss: ‘കളത്തില്‍ ദാദയും’; ടി- ട്വന്റിയിലെ സ്ഥാനത്തെക്കുറിച്ച് ബി.സി.സി.ഐ ധോണിയുമായി സംസാരിക്കേണ്ടിയിരിക്കുന്നെന്ന് ഗാംഗുലി


കയ്യേറ്റക്കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്നും സാധാരണക്കാരനും മന്ത്രിക്കും തുല്യനീതിയല്ലേയെന്നും ചോദിച്ച കോടതി സാധാരണക്കാര്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും ചോദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more