| Wednesday, 2nd January 2019, 11:18 am

നട അടച്ചിട്ട തന്ത്രിയുടെ നടപടി സുപ്രീം കോടതിയോടുള്ള വെല്ലുവിളി; പരിഹാരക്രിയ നടത്തേണ്ട ആവശ്യം ഇല്ലെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനു പിന്നാലെ നട അടച്ചിട്ട തന്ത്രിയുടെ നടപടി കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ആള്‍ തന്നെ സുപ്രീം കോടതി വിധി ലംഘിച്ചിരിക്കുകയാണ്. അത് ആരുടെ നിര്‍ദേശ പ്രകാരം ചെയ്താലും അത് സുപ്രീം കോടതിയെ വെല്ലുവിളിക്കലാണ്.” കോടിയേരി പറഞ്ഞു.

പരിഹാരക്രിയയുടെ പ്രശ്‌നമൊന്നും ഇവിടെയില്ല. സുപ്രീം കോടതി വിധി പ്രകാരം ഏതു പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും അവിടെ പ്രവേശിക്കാന്‍ അധികാരമുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള കാര്യം മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആചാരങ്ങള്‍ ഭരണഘടനയ്ക്ക് താഴെയാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. മൗലികാവകാശം ലംഘിച്ചുകൊണ്ട് ആചാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

Also read:ശബരിമല നട അടച്ചു; തീരുമാനം തന്ത്രിയുടേത്

ഏതെങ്കിലും സ്ത്രീകള്‍ അവിടെ വരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അങ്ങനെയുള്ള ആളുകള്‍ വരട്ടേയെന്ന് തീരുമാനിക്കുകയാണ് ഇനി വേണ്ടത്. അതിനുപകരം നടയടച്ചില്‍ പോലെ പ്രകോപനപരമായ നിലപാട് തന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് അങ്ങേയറ്റം തെറ്റായിട്ടുള്ള നടപടിയാണ്. അത് എന്തിന്റെ പേരിലാണ് തന്ത്രി ചെയ്തത് എന്നുള്ളത് പരിശോധനകള്‍ക്ക് വിധേയമാക്കണം. സുപ്രീം കോടതി തന്നെ ഇതു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി നിയോഗിച്ചിരുന്ന മേല്‍നോട്ട സമിതി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. സ്ത്രീകള്‍ കയറുകയാണെങ്കില്‍ നടയടക്കണം എന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് തന്ത്രിക്ക് നിര്‍ദേശം കൊടുത്തുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. അങ്ങനെയൊരു കൂടിയാലോചന നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലയെന്നാണ് തന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഇങ്ങനെയൊരു നടപടിയുണ്ടായതിനു പിന്നില്‍ ബാഹ്യ പ്രേരണയുണ്ടോയെന്ന് പരിശോധിക്കണം. ആര് ഇടപെട്ടാലും അത് നടപ്പിലാക്കിയത് തന്ത്രിയാണ്. അപ്പോള്‍ അതിന്റെ ഉത്തരവാദിത്തം തന്ത്രിക്കാണെന്നും കോടിയേരി പറഞ്ഞു.

സായുധ പൊലീസിന്റെ സഹായത്തോടെ സംഘര്‍ഷമുണ്ടാക്കി യുവതികളെ അവിടെ പ്രവേശിപ്പിക്കുകയെന്നത് സര്‍ക്കാറിന്റെ നയമായിരുന്നില്ല ഏതെങ്കിലും സ്ത്രീ വരാന്‍ സന്നദ്ധയായാല്‍ അവര്‍ക്ക് അവിടെ വരാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയെന്നതാണ് സര്‍ക്കാറിന്റെ ഉത്തരവാദിത്തം. അത് തടസപ്പെടുത്താതിരിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

യുവതികള്‍ ദര്‍ശനം നടത്തിയതെന്നത് ഒരു യാഥാര്‍ത്ഥ്യമായി കണ്ട് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more