സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടവര്‍ മാത്രം അപ്പോള്‍ എത്തിയാല്‍ മതി.
കോട്ടയം: ദേശീയ ഗാനത്തെ വൈകാരിക വിഷയമാക്കേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ചില കേന്ദ്രങ്ങളില്‍ നിന്ന് അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടവര്‍ മാത്രം അപ്പോള്‍ എത്തിയാല്‍ മതി. സുപ്രിം കോടതി വിധി വ്യക്തത നല്‍കുന്നതാണെന്നും കോടിയേരി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ദേശീയ ഗാനത്തെ ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിന് അറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് താക്കീത് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
വൈകീട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. ആഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേ സമയം ദേശീയ ഗാനം പ്രദര്‍ശിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എസിക്ക് ഡി.ജി.പി ചുമതല നല്‍കി. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.