'പ്രശ്നം ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ'; ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി
Kerala
'പ്രശ്നം ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ'; ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2018, 6:27 pm

തൃശൂര്‍: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍. ആരോപണവിധേയനായ ബിനോയ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങള്‍ ദുബായിലാണ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ അത് അവിടെയാണ് തീര്‍ക്കേണ്ടതെന്നും ഇപ്പോള്‍ പ്രശ്നമൊന്നുമില്ലെന്നും പ്രശ്നം ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ എന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം.

“ദുബായിലെ നിയമങ്ങള്‍ അനുസരിച്ചാണ് അതൊക്കെ ചെയ്യുക. തന്റെ മകന്‍ ബിനോയ് ദുബായിലുണ്ട്. അപ്പോള്‍ യു.എ.ഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നുവെന്നും” കോടിയേരി ചോദിക്കുകയുണ്ടായി.

പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ആരും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ. മാധ്യമവാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടിയെന്നും കോടിയേരി പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ല. താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. ഇതിലൊന്നും താന്‍ ഇടപെട്ടിട്ടുമില്ല. അതിനാല്‍ തന്നെ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയായ കോടിയേരിയുടെ വിശദീകരണം.