തൃശൂര്‍: ആര്‍.എസ്.എസ് ജിഹ്വയായ കേസരിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ലേഖനമെഴുതിയ ബി.ജെ.പി നേതാവിനെതിരെ കേസ് എടുക്കുമോയെന്ന് സംസ്ഥാനനേതൃത്വം വ്യക്തമാക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലേഖനത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യാതൊരു നിലപാടും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗാന്ധിക്ക് പകരം നാഥുറാം ഗോദ്‌സെ വധിക്കേണ്ടിയിരുന്നത് നെഹ്‌റുവിനെയായിരുന്നെന്ന ലേഖനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികരിച്ചില്ലെന്നും അദ്ദേഹംആരോപിച്ചു. ലേഖനത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഒരു പ്രസംഗത്തിന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ നാല് കൊലക്കേസ് ചുമത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് കോടിയേരി ചോദുിച്ചു. കോളേജ് മാഗസിനില്‍ മോദിയെ അപമാനിച്ചുവെന്ന് പറഞ്ഞ് എസ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഈ വിഷയത്തിലും കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.പി.ഐ.എം പാറളം ലോക്കല്‍കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച ജ്യോതിബസു സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ഒക്ടോബര്‍ 17ന് പുറത്തിറങ്ങിയ ആര്‍.എസ്.എസ് ജിഹ്വയായ കേസരി വാരികയിലാണ് മഹാത്മാഗാന്ധിയ്ക്ക് പകരം വധിക്കപ്പെടേണ്ടിയിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നെന്ന വ്യക്തമായ സൂചനയുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. ആര്‍.എസ്.എസ് നേതാവും ബി.ജെ.പി സംസ്ഥാന സമിതി അംഗവും സംസ്ഥാന സെല്‍ കണ്‍വീനറുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ എഴുതിയ “ആരാണ് ഗാന്ധി ഘാതകര്‍” എന്ന ലേഖനത്തിന്റെ തുടര്‍ച്ചയിലാണിക്കാര്യം പറയുന്നത്.