| Saturday, 22nd June 2019, 12:06 pm

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, മുഖ്യമന്ത്രിയോ കേന്ദ്ര നേതൃത്വമോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മകന്‍ ബിനോയ് കോടിയേരിക്കെതിരെ യുവതി കൊടുത്ത ലൈംഗിക ചൂഷണ പരാതി പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കൂടിയാണ് സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചത്.

കോടിയേരി ആരേയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ല, കോടിയേരി സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം നിലപാടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ന് സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതിയും ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ടയെങ്കിലും പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയിക്കെതിരായ പരാതി, പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങിയവയും ചര്‍ച്ചക്കെടുത്തേക്കും.

അതേസമയം, ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ നിലപാട്. ബൃന്ദാ കാരാട്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ നിലപാടാണ് സ്വീകരിക്കുന്നത്.

കേസ് വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും ഒരു തരത്തിലും പാര്‍ട്ടി സംരക്ഷണം ഉണ്ടാവില്ലെന്നും ബൃന്ദ പറഞ്ഞിരുന്നു.

അതേസമയം, ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ജാമ്യ ഹരജിയില്‍ തിങ്കളാഴ്ച വിധി പ്രസ്താവിക്കും. മുംബൈ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ഹരജി പരിഗണിച്ചത്. ജാമ്യം നേടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം.

ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കായി മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും നീക്കമുണ്ട്. ഒളിവിലുള്ള ബിനോയിക്കായി മുംബൈയിലും കേരളത്തിലും മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്.

ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെ യുവതി നല്‍കിയ പരാതി തള്ളി ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരേ കേസെടുക്കണമെന്ന് ബിനോയ് ആവശ്യപ്പെട്ടിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more