തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ പല കേന്ദ്രങ്ങളും അതിശയോക്തിയായി അവതരിപ്പിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തുടര്‍ച്ചയായി എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ അധാര്‍മിക മാര്‍ഗങ്ങള്‍ പ്രതിപക്ഷത്തെ ചില കക്ഷികള്‍ സ്വീകരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൂട്ടാന്‍ കരുനീക്കുകയും ചെയ്യുന്നുവെന്നു കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
പ്രാദേശികം മുതല്‍ പാര്‍ലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളെയും ഉപതെരഞ്ഞെടുപ്പുകളെയും വര്‍ഗസമരത്തിന്റെയും അതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെയും വേദിയായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. അതതു കാലത്തെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും അവരെ കമ്യൂണിസ്റ്റ് നേതൃപക്ഷത്തേക്ക് കൂടുതലായി കൊണ്ടുവരികയും ചെയ്യുക എന്നതാണ് പ്രധാനം. ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അതുകൊണ്ട് എല്ലാം നേടിയെന്നോ അല്ലെങ്കില്‍ തോറ്റാല്‍ അതോടെ എല്ലാം ഇല്ലാതായെന്നോ കരുതുന്നില്ല. എന്നാല്‍, രാഷ്ട്രീയസ്വാധീനം തെല്ലെങ്കിലും വളര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ആ അര്‍ഥത്തില്‍ നേട്ടമാണ്.
സംസ്ഥാനത്ത് ഏത് കാലാവസ്ഥയിലും യു.ഡി.എഫിന് ജയിക്കാന്‍ കഴിയുന്ന ചില നിയമസഭാ മണ്ഡലങ്ങളുണ്ട്. അവയുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും ആ സ്വാധീനം ഇപ്പോഴും നിലനിര്‍ത്തുന്ന ഒരിടമാണ് തൃക്കാക്കര. അതുകൊണ്ട് സിറ്റിംഗ് എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് ഭാര്യ മത്സരിച്ച സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തിയതും നല്ല ഭൂരിപക്ഷം നേടിയതും മഹാത്ഭുതമായി ചിത്രീകരിക്കേണ്ടതില്ല. ഇതേ മണ്ഡലത്തില്‍ പി.ടി. തോമസ് 2021ല്‍ നേടിയ ഭൂരിപക്ഷമായ 14,329 വോട്ടിനെ മറികടന്ന് 25,016 വോട്ടിന് ജയിച്ചു. ഇതില്‍ കോണ്‍ഗ്രസും യു.ഡി.എഫും അമിതാഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍ ഇതേ മണ്ഡലത്തില്‍ ഹൈബി ഈഡന് ലഭിച്ച ഭൂരിപക്ഷം 31,777 വോട്ടായിരുന്നു എന്നത് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
‘തൃക്കാക്കരയുടെ വലതുപക്ഷ ചായ്വ് എന്ന സ്വഭാവം ഒരു ഭാഗത്തുള്ളപ്പോള്‍ത്തന്നെ അന്തരിച്ച ജനപ്രതിനിധിയുടെ ഭാര്യയോടുള്ള സഹതാപത്തിന്റെ ഘടകം മറ്റൊരു ഭാഗത്ത് യു.ഡി.എഫിന് അനുകൂലമായി. സിറ്റിംഗ് എം.എല്‍.എയുടെ ഭാര്യയോ ബന്ധുവോ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിപ്പിക്കുന്ന സ്വഭാവം കേരളം പൊതുവില്‍ പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം അടങ്ങിയ വിജയമാണ് യു.ഡി.എഫ് നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വര്‍ധിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച അനുഭവം നിരവധിയുണ്ട്. എ.കെ. ആന്റണിയുടെ കാര്യംതന്നെ ഉദാഹരണം. ആന്റണി മുഖ്യമന്ത്രിയായി വന്നപ്പോള്‍ രണ്ടുതവണയും ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലെത്തിയത്. ആദ്യം കഴക്കൂട്ടത്തും പിന്നീട് തിരൂരങ്ങാടിയില്‍നിന്നും. രണ്ടിടത്തും ലഭിച്ചത് വര്‍ധിച്ച ഭൂരിപക്ഷം. എന്നാല്‍, തുടര്‍ന്ന് നിയമസഭയിലേക്ക് പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സംസ്ഥാനത്ത് യു.ഡി.എഫ് തോറ്റമ്പുകയും ചെയ്തു. അതായത്, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനും യു.ഡി.എഫിനും സ്ഥായിയായ വിജയയാത്ര നടത്താനുള്ള വകയല്ലെന്ന് സാരം.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയതിനെ ചില കേന്ദ്രങ്ങള്‍ വിമര്‍ശിക്കുന്നതായി കണ്ടു. സംസ്ഥാന ഭരണാധികാരി മാത്രമല്ല, സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടിയുടെ ദേശീയ നേതാവും കേരളഘടകത്തെ നയിക്കുന്നവരില്‍ പ്രമുഖനുമാണ് പിണറായി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് കൂട്ടായ നേതൃത്വത്തിന് സമയം ചെലവഴിച്ചത് കമ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലി തന്നെയാണ്. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലെല്ലാം ഇപ്രകാരം പ്രവര്‍ത്തിച്ചിട്ടുണ്ട്,’ കോടിയേരി പറഞ്ഞു.