തിരുവനന്തപുരം: രണ്ട് ടേം എന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഐക്യകണ്ഠേനെ എടുത്ത തീരുമാനമാണെന്നും ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ലെന്നും സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.
രണ്ട് ടേം എന്നത് മുഖ്യമന്ത്രിയുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടെന്നും ഏത് തീരുമാനമെടുത്താലും അത് മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണെന്ന് പ്രചരിപ്പിക്കുകയാണെന്നും കോടിയേരി മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എത്ര ഉന്നതരായ നേതാക്കളായാലും സമൂഹത്തില്‍ അവരുടെ സ്ഥാനമെത്രയായാലും അതൊന്നും പരിഗണിക്കേണ്ടതില്ല എന്ന് വിലയിരുത്തിയാണ് രണ്ട് ടേം പൂര്‍ത്തിയാക്കിയ എല്ലാവരെയും മത്സരരംഗത്ത് നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
രണ്ട് ടേം നടപ്പിലാക്കിയതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഐക്യകണ്ഠേനെ എടുത്ത തീരുമാനമാണിത്. ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ല. പല സന്ദര്‍ഭങ്ങളിലും ചര്‍ച്ച ചെയ്ത് ഭവിഷ്യത്തുകള്‍ കണക്കിലാക്കി സംസ്ഥാന തലത്തിലെത്തിയപ്പോഴാണ് അതില്‍ അന്തിമ തീരുമാനമുണ്ടായത്. അത് ഏതെങ്കിലുമൊരാളുടെ തീരുമാനമല്ല, കൂട്ടായ ചര്‍ച്ചയെ തുടര്‍ന്ന് ഉയര്‍ന്നുവന്ന നിലപാടാണ്. അതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഏതെങ്കിലുമൊരാളുടെ തീരുമാനമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമാണ് ഉള്ളത്,” കോടിയേരി പറഞ്ഞു.
പാര്‍ട്ടിയല്ല മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നത് എന്ന് സ്ഥാപിക്കുന്നതിനുള്ള ബോധപൂര്‍വമായുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വ്യക്തികേന്ദ്രീകൃതമായ പാര്‍ട്ടിയായി സി.പി.ഐ.എം മാറുന്നു എന്നൊരു ആരോപണത്തിലേക്ക് പാര്‍ട്ടിയെ കെട്ടിയിടാനുള്ള പ്രചരണ തന്ത്രമാണിത്. ആസൂത്രീതമായ പ്രചാരവേലയാണിത്, കോടിയേരി പറഞ്ഞു.
ഇത്തരമൊരു തീരുമാനം വന്നപ്പോള്‍ ചില കേന്ദ്രകമ്മിറ്റി അംഗങ്ങളായി ഇരുന്നവര്‍ കുറച്ചുകൂടി നേരത്തെ ഞങ്ങളോടിത് പറയാമായിരുന്നു എന്ന് പരിഭവം പറഞ്ഞിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നല്ലോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ പാര്‍ട്ടിയിലാരും അത്തരമൊരു ആക്ഷേപം ഉന്നയിച്ചതായി കണ്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.
” ഞങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഒരു സംവിധാനമുണ്ട്. ഒരു നിര്‍ദ്ദേശം സ്വാഭാവികമായി സമര്‍പ്പിക്കും. നിര്‍ദ്ദേശം സെക്രട്ടേറിയേറ്റില്‍ സമര്‍പ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് ശേഷം എന്നെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. നിര്‍ദ്ദേശം അവതരിപ്പിക്കുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായം അറിയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കത് അപ്പോള്‍ പറയമായിരുന്നു. മുന്‍കൂട്ടി പറയണമെന്ന് ഒരാളും ഞങ്ങളടുത്ത് പറഞ്ഞിട്ടില്ല. അത്തരം ആരോപണങ്ങളൊക്കെ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലയുടെ ഭാഗമായി വരുന്നതാണ്. ഈ തീരുമാനം സെക്രട്ടറിയേറ്റില്‍ വെച്ചപ്പോള്‍ പൂര്‍ണ യോജിപ്പായിരുന്നു. ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലും വ്യത്യസ്തമായ അഭിപ്രായമുണ്ടായില്ല,” കോടിയേരി അഭിമുഖത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ വേളയിലായിരുന്നു നിയസഭയിലേക്ക് തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിയത്.