ന്യൂദല്‍ഹി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമനില തെറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്. ആര്‍.എസ്സ്.എസ്സിനെ ഖാലിസ്ഥാന്‍ തീവ്രവാദി സംഘടനയുമായി താരതമ്യം ചെയ്തു നടത്തിയ പരാമര്‍ശത്തിന് മറുപടിയായിട്ടാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന .
സിഖ് ഭീകരര്‍ സുവര്‍ണ്ണക്ഷേത്രം പിടിച്ചെടുക്കാന്‍ ശ്രമിച്ചതു പോലെ ശബരിമല പിടിച്ചടക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പ്രസ്ഥാവന നടത്തിയിരുന്നു.
സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
“സ്ത്രീകളെ കയറ്റാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഓരോ ദിവസവും ഓരോ മണ്ഡലത്തില്‍ നിന്നും ഇത്രയിത്ര സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന് ഇടത് പക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ വനിതാ പ്രസ്താനമായ വനിതാ അസോസിയേഷനും ഇത്തരം ഒരു നടപടി കൈകക്കൊണ്ടിട്ടില്ല. മണ്ഡലകാലത്ത് അങ്ങനെ ആരെങ്കിലും കയറിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഈ സമരം. സന്നിധാനവും നടപ്പന്തലും എങ്കിലും സമരത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്തണമെന്ന് വിശ്വാസികള്‍ എന്ന് പറയുന്നവര്‍ ശ്രമിക്കണ്ടെ, വിശ്വാസികളാണെങ്കില്‍ വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യേണ്ടത്. സുവര്‍ണ്ണക്ഷേത്രം കയ്യടക്കി അവിടം ഒരു കലാപഭൂമിയാക്കാന്‍ സിഖ് തീവ്രവാദികള്‍ ശ്രമിച്ചതു പോലുള്ള ഒരു നീക്കമാണ് ആര്‍.എസ്.എസ് ശബരിമലയില്‍ നടത്തുന്നത്”- കോടിയേരി പറഞ്ഞു.