തിരുവനന്തപുരം: സി.പി.ഐ.എം ഭീകരവാദപ്രസ്ഥാനമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഭീകരവാദിയാണെന്നും ബി.ജെ.പിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. സെക്രട്ടറിയേറ്റിലേക്ക് നടന്ന ബി.ജെ.പി മാര്‍ച്ചിലാണ് ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ വിവാദ പ്രസംഗം. കശ്മീരില്‍ സൈന്യത്തിന് കവചമായി ഉപയോഗിക്കാന്‍ കോടിയേരി ബാലകൃഷ്ണനെ നല്‍കാമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
Also Read: ‘അതെ കര്‍ഷകരെ വെടിവെച്ചത് പൊലീസ് തന്നെയാണ്’ മധ്യപ്രദേശ് സര്‍ക്കാറിന്റെ കുറ്റസമ്മതം
മുന്‍പും പ്രസംഗത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ആളാണ് സുരേഷ്. മുന്‍ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടാല്‍ തലയെടുക്കുമെന്നായിരുന്നു മുന്‍ പ്രസംഗത്തില്‍ സുരേഷിന്റെ ഭീഷണി.
ആര്‍.എസ്.എസ്സിന്റെ ഔദാര്യം കൊണ്ടാണ് പാറശ്ശാലയിലും ആനാവൂരിലും സമാധാനം നിലനില്‍ക്കുന്നതെന്നും തങ്ങളുടെ നേതാക്കള്‍മാരെയും പ്രവര്‍ത്തകനമാരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റമുണ്ടാകുമെന്നും സുരേഷ് കൊലവിളി നടത്തിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച ബി.ജെ.പി പ്രതിഷേധ പരിപാടിയിലായിരുന്നു ജില്ലാ പ്രസിഡന്റിന്റെ പ്രകോപന പരമായ പ്രസംഗം.
പൊലീസിനു നേരേയും സുരേഷ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ആക്രമണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചാല്‍ അത് തടയാന്‍ സംസ്ഥാനത്തെ പൊലീസിന് സാധിക്കില്ലെന്നാണ് സുരേഷ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ബി.ജെ.പി ജില്ല കമ്മറ്റി ഓഫീസ് നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി നേതാക്കളും അണികളും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് റാലി ഉദ്ഘാടനം ചെയ്തത്. അതേസമയം ജില്ല കമ്മിറ്റി ഓഫീസിനു നേരെ ബോംബാക്രമണം നടത്തിയത് ആരാണെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.