തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനശൈലി മാന്യമാകണമെന്ന് സി.പി.ഐ.എം. നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണെന്നും ഇന്നാരംഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൃഹസന്ദര്‍ശന പരിപാടിയിലടക്കം അത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മാന്യമായ പെരുമാറ്റം കൂടാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ലെന്നും സംഘടനാ തലത്തിലും പ്രവര്‍ത്തന ശൈലിയിലും വരുത്തേണ്ട മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്‍ക്കത്ത പ്ലീനത്തില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
ആറ് ദിവസം നീളുന്ന സി.പി.ഐ.എം നേതൃയോഗങ്ങളാണ് ഇന്ന് തുടങ്ങിയത്. വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ വെച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ സാഹചര്യങ്ങളും വിലയിരുത്തി സംഘടനാതലത്തിലും പ്രവര്‍ത്തനശൈലിയിലും തിരുത്തല്‍ നടപടികളെടുക്കുക എന്നതാണ് നേതൃയോഗങ്ങളുടെ പ്രധാന ലക്ഷ്യം. പരിഷ്‌കരിച്ച തെറ്റുതിരുത്തല്‍ രേഖയും ചര്‍ച്ചയ്ക്ക് വെക്കും.
യോഗത്തിന് മുന്നോടിയായി കഴിഞ്ഞ മാസം പാര്‍ട്ടി അംഗങ്ങള്‍ ഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ഗൃഹസന്ദര്‍ശനത്തില്‍ പങ്കാളികളായി.