ഹിന്ദുക്കളുടെ സൈനികവല്‍ക്കരണം സവര്‍ക്കരുടെ ആശയം; ബി.ജെ.പി ആ ആശയം നടപ്പാക്കാന്‍ ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍
Kerala News
ഹിന്ദുക്കളുടെ സൈനികവല്‍ക്കരണം സവര്‍ക്കരുടെ ആശയം; ബി.ജെ.പി ആ ആശയം നടപ്പാക്കാന്‍ ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th June 2022, 6:42 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍.എസ്.എസിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

അഗ്നിപഥ് പദ്ധതി ഇന്ത്യന്‍ സമൂഹത്തിന്റെ സൈനികവല്‍ക്കരണത്തിലേക്കാണ് നയിക്കുക. രാഷ്ട്രത്തിന്റെ ഹിന്ദുവല്‍ക്കരണവും ഹിന്ദുക്കളുടെ സൈനികവല്‍ക്കരണവും ആര്‍.എസ്.എസ് സൈദ്ധാന്തികനായ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയമാണ്. ബി.ജെ.പി സര്‍ക്കാര്‍ അത്തരം ആശയങ്ങളെ പ്രയോഗത്തില്‍ വരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറഞ്ഞിരുന്നത്. വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത കേന്ദ്രസര്‍ക്കാര്‍, പെന്‍ഷനില്ലാത്ത നാല് വര്‍ഷത്തെ സൈനിക സേവനം ഉയര്‍ത്തിക്കാട്ടി തൊഴില്‍രഹിതരായ യുവജനങ്ങളെ കബളിപ്പിക്കുകയാണ്. യുവാക്കള്‍ക്ക് സുരക്ഷിതമായ തൊഴില്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്‌നവും കാര്‍ഷിക പ്രതിസന്ധിയും ശാസ്ത്രീയമായി പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവേണ്ടത്,’ അദ്ദേഹം വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതി രാജ്യത്തിന്റെ സൈന്യത്തിന് ദോഷകരമായി തീരുമെന്നും രാജ്യത്തിന് തികഞ്ഞൊരു സായുധസേനയെ ഉണ്ടാക്കാന്‍ നാല് വര്‍ഷത്തെ കരാര്‍ സേവനം കൊണ്ട് സാധിക്കില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പെന്‍ഷന്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള ഈ സൂത്രപ്പണി സൈന്യത്തിന്റെ കാര്യക്ഷമതയേയും ഗൗരവത്തേയും രാജ്യത്തിന്റെ സുരക്ഷയേയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് തൊഴിലില്ലായ്മ സമാനതകളില്ലാതെ പെരുകുമ്പോഴാണ് തൊഴില്‍സുരക്ഷ പോലും ഉറപ്പ് നല്‍കാതെ രാജ്യത്തിനായി ജീവത്യാഗം ചെയ്യാന്‍ യുവാക്കളോട് അഹ്വാനം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്‍മാറി രാജ്യത്തിന്റെ ആശങ്ക മാറ്റാന്‍ തയ്യാറാവണമെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

Content Highlights: Kodiyeri Balakrishnan has criticized the central government for announcing the Agneepath project