| Saturday, 3rd April 2021, 4:32 pm

'ധാര്‍മികമായി ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലായിരുന്നു'; സെക്രട്ടറി സ്ഥാനമൊഴിയാന്‍ ബിനീഷിനെതിരായ കേസും കാരണമായെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും തിരിച്ചടിയാവുമെന്നതിനാലാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത് എന്നായിരുന്നു കോടിയേരിയും സി.പി.ഐ.എമ്മും വ്യക്തമാക്കിയത്. ആദ്യമായാണ് മക്കള്‍ക്കെതിരായ കേസും ഇതിന് കാരണമായെന്ന് ആദ്യമായാണ് കോടിയേരി വെളിപ്പെടുത്തുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയും മുന്നണിയും പോകുന്ന ഘട്ടത്തില്‍ താന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല എന്നതിനാലാണ് സ്ഥാനമൊഴിഞ്ഞതെന്നായിരുന്നു കോടിയേരി പറഞ്ഞത്. ഇതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും മാറിനില്‍ക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ബിനീഷ് കുറ്റം ചെയ്‌തെങ്കില്‍ അന്വേഷിക്കട്ടെ, കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ എന്ന നിലാപാട് തന്നെയാണ് അന്നും ഇന്നും എടുത്തത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള തീരുമാനം എടുത്തതില്‍ ഈ വിവാദങ്ങളും ഔരു കാരണമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയും മുന്നണിയും പോകുന്ന ഘട്ടത്തില്‍ താന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല എന്നതിനാലാണ് സ്ഥാനമൊഴിഞ്ഞത്. ഇതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും ആ തീരുമാനത്തെ സ്വാധീനിച്ചു,’ കോടിയേരി പറഞ്ഞു.

മയക്കുമരുന്ന് കേസാണ് ബിനീഷിനെതിരായി വരുന്ന ആദ്യത്തെ കേസ്. ബിനീഷ് പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ആരുവേണമെങ്കിലും പരിശോധിക്കട്ടെ. ആര്‍ക്ക് മുന്നിലും ഹാജരാകാം എന്നാണ് ബിനീഷ് പറഞ്ഞത്.

തുടര്‍ന്ന് ബിനീഷിനെ അറസ്റ്റ് ചെയ്യുകയും 14 ദിവസം കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. എന്നിട്ടും മയക്കുമരുന്ന് ഉപയോഗിച്ചതായോ വിറ്റതായോ കണ്ടെത്താനായില്ല. ഒടുവില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ ബിനീഷിന്റെ പേരില്ല.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ ബിനീഷ് ഉള്ളത്. ബാങ്ക് വഴി രേഖ സഹിതം ഒരാള്‍ക്ക് ഹോട്ടല്‍ തുടങ്ങാന്‍ പണം കൊടുത്തതിന്റെ പേരിലാണ് കേസ്. ആ കേസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ലെന്ന് ഇപ്പോള്‍ മനസിലായി എന്നും കോടിയേരി പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodiyeri Balakrishnan expalains why he decided to change from Party secretary position

We use cookies to give you the best possible experience. Learn more