തിരുവനന്തപുരം: അമൃതാനന്ദമയിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോടിയേരി ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കിയെന്നും പറഞ്ഞു.
മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും അയ്യപ്പ സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി നടത്തിയത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണെന്നും തിരുവനന്തപുരത്ത് ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യവേ കോടിയേരി പറഞ്ഞു.
സന്യാസിമാരെ ഇറക്കി വടക്കേ ഇന്ത്യയില്‍ ആര്‍.എസ്.എസ് നടത്തുന്ന പരീക്ഷണം കേരളത്തിലും കൊണ്ട് വരുന്നെന്നും കോടിയേരി വിമര്‍ശിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി വിമര്‍ശിച്ചു. ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസല്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണി അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു.
കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണെന്ന് കോടിയേരി നേരത്തെ വിമര്‍ശിച്ചിരുന്നു. ആത്മീയ ആള്‍ ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവായിക്കഴിഞ്ഞു. കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു.