| Monday, 5th October 2020, 9:40 am

'കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഇവരുടെ കൊലക്കത്തിക്ക് ഇരയായത് നാല് സി.പി.ഐ.എമ്മുകാര്‍'; സനൂപിന്റെ കൊലപാതകത്തില്‍ കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍.എസ്.എസ്/ബി.ജെ.പി- കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശ്ശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയ സനൂപിന് സഹോദരങ്ങളുമില്ലെന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന സനൂപ് സകലര്‍ക്കും പ്രിയങ്കരനുമായിരുന്നുവെന്നും അതിനാലാണ് ആര്‍.എസ്.എസ് കാപാലികര്‍ കൊലക്കത്തി കൊണ്ട് സനൂപിനെ കൊലപ്പെടുത്തിയതെന്നും കോടിയേരി ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സി.പി.ഐ.എം പ്രവര്‍ത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായതെന്നും കോടിയേരി പറഞ്ഞു.

കുന്നംകുളത്ത് സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബി.ജെ.പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണെന്നും അദ്ദേഹം ആരോപിച്ചു.

ബി ജെ പിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ക്രിമിനലുകളായ പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുകയും ഗൂഡാലോചനകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ചശേഷം മടങ്ങുകയായിരുന്ന സനൂപിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണമുണ്ടാകുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സനൂപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബി.ജെ.പി.- ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. എട്ടോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ വാളും കത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും സി.പി.ഐ.എം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശൂര്‍ കുന്നംകുളത്ത് സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആര്‍. എസ്.എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും ആര്‍.എസ്.എസ് കാപാലികരുടെ ആക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ഇരുപത്തിയാറ് വയസാണ് സനൂപിനുള്ളത്. ആ നാടിന്റെ ഹൃദയസ്പന്ദനം പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി. മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ല. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്.

എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന ആ യുവാവ്, സകലര്‍ക്കും പ്രിയങ്കരനുമായിരുന്നു. അതിനാലാണ് ആര്‍ എസ് എസ് കാപാലികര്‍ കൊലക്കത്തി കൊണ്ട് തീര്‍ത്ത് കളഞ്ഞത്.
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍.എസ്.എസ് /ബി.ജെ.പി – കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സി.പി.ഐ.എം പ്രവര്‍ത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്.

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബി.ജെ.പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ക്രിമിനലുകളായ പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകള്‍ നടത്തുന്നു.
നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍.എസ്.എസ്/ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണം. സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം.
ധീര രക്തസാക്ഷി സഖാവ് സനൂപിന് ആദരാഞ്ജലികള്‍.
ലാല്‍സലാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodiyeri Balakrishnan, CPIM State secretary statement on the murder of Sanoop

Latest Stories

We use cookies to give you the best possible experience. Learn more