Kerala News
പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം അധികാര കേന്ദ്രങ്ങളായി മാറരുത്; സാധാരണക്കാര്‍ക്ക് നീതി നല്‍കണം; കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 24, 08:08 am
Wednesday, 24th November 2021, 1:38 pm

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം അധികാര കേന്ദ്രങ്ങളായി മാറരുതെന്നും പാര്‍ട്ടി ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും വരുന്നവര്‍ക്ക് നീതി നല്‍കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

സി.പി.ഐ.എം വഞ്ചിയൂര്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിലെ ജില്ലാ-സംസ്ഥാന-കേന്ദ്ര കമ്മിറ്റികളിലെ ഉയര്‍ന്ന പ്രായ പരിധി 75 വയസ്സായിരിക്കുമെന്നും, ഒഴിവാക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ലെവി വര്‍ഷത്തില്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും മാസത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുമാനത്തിനനുസരിച്ച് ലെവി നല്‍കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ട് കാര്യമില്ല, ഗുണമേന്‍മയുള്ള പാര്‍ട്ടി അംഗങ്ങള്‍ വേണമെന്നും, എല്ലാ ജില്ലാ സെക്രട്ടറിയേറ്റിലും ഒരു വനിതാ സഖാവിനേയും, എല്ലാ ഏരിയാ കമ്മറ്റികളിലും 40 വയസ്സില്‍ താഴെയുള്ള 2 സഖാക്കളെയും നിര്‍ബന്ധമായും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫിന് എതിരായി വോട്ടു ചെയ്തവര്‍ക്കു കൂടി സേവനം ചെയ്യാനാണ് ഭരണമെന്ന് ഓര്‍ക്കണമെന്നും സ്ത്രീകള്‍, പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ, സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അതിദരിദ്രരെ കണ്ടെത്തും. വര്‍ഗീയ, ജാതി സംഘടനകള്‍ വലതുപക്ഷ ആശയം പ്രചരിപ്പിക്കുന്നു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റി ഇതിനെ ചെറുക്കണം. സാക്ഷരതാ പ്രസ്ഥാനം പോലുള്ള ഉത്തരവാദിത്തമായി ഇതിനെ കാണണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodiyeri Balakrishnan CPIM age of party members