Kerala News
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പാര്‍ട്ടി സമ്മേളനങ്ങള്‍; കളക്ടര്‍മാരുടെ അനുമതിയുണ്ട്: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 19, 12:32 pm
Wednesday, 19th January 2022, 6:02 pm

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് സി.പി.ഐ.എം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കളക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ സി.പി.ഐ.എം പാര്‍ട്ടി സമ്മേളനം നടത്തുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി.

‘ഒന്നും രണ്ടും തരംഗത്തേക്കാള്‍ അപകടകരമായ രീതിയില്‍ കൊവിഡ് സമൂഹ വ്യാപനം ഉണ്ടാകുമെന്നു മനസിലാക്കിയാണ് കോണ്‍ഗ്രസും യു.ഡി.എഫും നേരത്തെ പ്രഖ്യാപിച്ച സമരപരിപാടികളെല്ലാം മാറ്റിവെച്ച് മാതൃക കാട്ടിയത്. സമരത്തേക്കാള്‍ പ്രധാനം ജനങ്ങളുടെ ആരോഗ്യമാണെന്നു മനസിലാക്കിയാണ് അത്തരമൊരു തീരുമാനം എടുത്തത്.

എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിര കളിയും നടത്തുമെന്ന വാശിയിലായിരുന്നു സി.പി.ഐ.എം. ജില്ലാ സമ്മേളനങ്ങളും തിരുവാതികളിയുമാണ് കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രമാക്കി തലസ്ഥാന ജില്ലയെ മാറ്റിയത്,’ സതീശന്‍ പറഞ്ഞു.

നാല് എം.എല്‍.എമാര്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലരും രോഗബാധിതരായി. മന്ത്രി ഉള്‍പ്പെടെ മുന്നൂറോളം പേര്‍ എത്ര പേര്‍ക്ക് രോഗം പകര്‍ന്നുകൊടുത്തു കാണും? മരണത്തിന്റെ വ്യാപാരികളായി രോഗവ്യാപനത്തിന്റെ കാരണമായി പാര്‍ട്ടി സമ്മേളനത്തെ മാറ്റി. ഇനിയും സമ്മേളനങ്ങള്‍ നടത്തുമെന്നാണ് സി.പി.ഐ.എം പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.