| Tuesday, 1st January 2019, 8:50 pm

വനിതാ മതില്‍ വന്‍ വിജയമായപ്പോഴാണ് ആക്രമണം നടന്നത്; പങ്കാളികളായത് 55 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകള്‍: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മതിലില്‍ 55 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതിലിനെതിരെ ആക്രമമുണ്ടായെന്നും കോടിയേരി പറഞ്ഞു. വനിതാ മതില്‍ വന്‍ വിജയമായപ്പോഴാണ് അക്രമികള്‍ ആക്രമണം അഴിച്ചു വിട്ടതെന്നും കോടിയേരി പറഞ്ഞു.

അതേസമയം, വനിതാ മതില്‍ ഇന്ത്യകണ്ട ഏറ്റവും വലിയ മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാനം നല്‍കിയ മൂല്യങ്ങളേയും ഭരണഘടനാപരമായി സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളേയും നിരാകരിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന വര്‍ഗീയ-പുരോഗമനവിരുദ്ധ ശക്തികള്‍ക്കുള്ള വന്‍ താക്കീതാണ് വനിതാ മതിലെന്നും മതിലിന്റെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തിലെ ചിന്തിക്കുന്ന സ്ത്രീസമൂഹം പുരോഗമന, നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പമാണെന്നുള്ളതിന്റെ വിളംബരമായിരുന്നു വനിതാ മതിലില്‍ കണ്ട ഇവരുടെ പങ്കാളിത്തം. വിധ്വംസക ശക്തികളുടെ എല്ലാ കണക്കുകൂട്ടലുകളേയും അസ്ഥാനത്താക്കി ജാതി, മത, രാഷ്ട്രീയ ഭേദങ്ങളില്ലാതെയാണ് സ്ത്രീകള്‍ വനിതാ മതിലിനു വേണ്ടി അണിനിരന്നത്.

ഭീഷണികളേയും കുപ്രചാരണങ്ങളേയും ധീരമായി അവഗണിച്ച് വനിതാ മതിലില്‍ അണിനിരന്ന സ്ത്രീകള്‍ കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ നെഞ്ചിലേറ്റി വനിതാ മതില്‍ ഒരു ചരിത്ര സംഭവമാക്കി മാറ്റിയ കേരളത്തിലെ സ്ത്രീകളെ താന്‍ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കാസര്‍കോട് ചേറ്റുകുണ്ടില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി വനിതാ മതില്‍ തടഞ്ഞതിന് പിന്നാലെ മായിപ്പാടിയിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വനിതാ മതിലില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുന്ന സ്ത്രീകള്‍ക്ക് നേരെയാണ് മായിപ്പാടിയില്‍ കല്ലേറുണ്ടായത്.


ആക്രമണത്തില്‍ സ്ത്രീയ്ക്ക് ഗുരുതര പരിക്കുണ്ട്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീതാംഗോളിയിലും കുതിരപ്പാടിയിലും ആര്‍.എസ്.എസ് ആക്രമണമുണ്ടായി. ഗുരുതരമായി പരിക്കേറ്റ നാല് പേരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടിണ്ട്.

We use cookies to give you the best possible experience. Learn more