എടപ്പാള്‍ പീഡനം: തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി തെറ്റ്: പൊലീസിനെതിരെ കോടിയേരി
Kerala News
എടപ്പാള്‍ പീഡനം: തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി തെറ്റ്: പൊലീസിനെതിരെ കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2018, 12:14 pm

തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇത്തരമൊരു അറസ്റ്റ് പാടില്ലാത്തതായിരുന്നു. പ്രതികാര നടപടിയാണോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

സാങ്കേതികമായ ചില കാരണങ്ങള്‍ പറഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വിഷയത്തില്‍ രാഷ്ട്രീയം കാണുന്ന പ്രശ്‌നമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അറസ്റ്റ് നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കണം. ഇതിന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിട്ടുണ്ട്. അതിന് മുന്‍പ് ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എടപ്പാളിലെ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വിഷയത്തില്‍ രൂക്ഷമായ വാക്‌പോരും നടന്നിരുന്നു.

തിയേറ്റര്‍ ഉടമയക്കല്ല പൊലീസിനാണ് വീഴ്ച സംഭവിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അറസ്റ്റെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തെ പോക്‌സോ ചുമത്തിയിരുന്നു.