| Tuesday, 23rd April 2019, 11:49 am

മോദിയുടെ യന്ത്രം കേരളത്തിലും എത്തി; ബൂത്തിലെത്തുന്നവര്‍ ജാഗ്രത പാലിക്കണം; ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ വ്യാപകക്രമക്കേടുകള്‍ രേഖപ്പെടുത്തുന്ന സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ സൂചന വന്നിരിക്കുന്നതെന്നും അതുകൊണ്ട് എല്ലാ ബൂത്തിലും ആളുകള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക പരാതി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്രമീകരണങ്ങള്‍ പൂര്‍ണമായി പാളിയിരിക്കുകയാണെന്നും ക്രമീകരണത്തില്‍ അപാതകയുണ്ടെന്നും കോടിയേരി പറഞ്ഞു.

”വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പിക്ക് വോട്ട് പോകുന്നു. ഏത് പാര്‍ട്ടിക്ക് കുത്തിയാലും ബി.ജെ.പിക്ക് വോട്ട് പോകുന്നു. മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ സൂചന വന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാ ബൂത്തിലും വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വിവിപാറ്റ് സംവിധാനം വന്നതിന്റെ ഫലമായിട്ടും ധാരാളം പ്രശ്‌നങ്ങള്‍ വന്നതായിട്ട് കാണുന്നുണ്ട്. അതിനെല്ലാമുള്ള ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നു. അത് ചെയ്തില്ല. വിവിപാറ്റ് വന്ന പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കണമായിരുന്നു. വൈകുന്നേരം ആറ് മണിക്കുള്ളില്‍ വോട്ടിങ് അവസാനിക്കുമെന്ന് തോന്നുന്നില്ല. ക്യൂവിലെത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കണം”- കോടിയേരി പറഞ്ഞു.

കേരളത്തില്‍ ഇത്തവണ ഇടതുപക്ഷ മുന്നണിക്ക് വോട്ടും വര്‍ധിക്കും സീറ്റും വര്‍ധിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്ര വിജയം നേടുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഇതിന് മുന്‍പ് 20 ല്‍ 18 സീറ്റും കിട്ടിയത്. അന്ന് പോളിങ് ശതമാനം വര്‍ധിച്ചതുകൊണ്ടാണ് എല്‍.ഡി.എഫിന് അത്രയും സീറ്റുകള്‍ ലഭിച്ചത്. അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും. മുന്‍കാലങ്ങളിലേക്കാള്‍ വലിയ സാധ്യത ഇത്തവണ കാണുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

അക്രമരാഷ്ട്രീയത്തിന്റ ഇരയാണ് പി. ജയരാജനെന്നും അദ്ദേഹത്തെ ഭിന്നശേഷിക്കാരനായ ബി.ജെ.പി യു.ഡി.എഫ് കൂട്ടുകെട്ടിനെതിരായ വിധി വടകരയില്‍ വരുമെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പി ഒറ്റ സീറ്റിലും വിജയിക്കില്ല. അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല. എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്‍കൈ നേടിയിട്ടുണ്ട്. 19 സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ചില അത്ഭുതങ്ങള്‍ ഇത്തവണയുണ്ടാകും. അതിന്റെ സൂചന പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more