| Tuesday, 18th January 2022, 2:21 pm

കോടിയേരി ബാലകൃഷ്ണന്‍ ഒരു കൈയില്‍ കൃഷ്ണനേയും മറു കൈയില്‍ യേശുവിനേയും കൊണ്ടു നടക്കുന്ന പാഷാണം വര്‍ക്കിയെ പോലെയാണ്: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പച്ചക്ക് വര്‍ഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു കൈയില്‍ യേശുവും മറ്റൊരു കൈയില്‍ കൃഷ്ണനേയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ് കോടിയേരിയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്ന കോടിയേരി സ്വയം കണ്ണാടി നോക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.

തരാതരത്തിന് വര്‍ഗീയത പറയുകയാണ് കോടിയേരി. വര്‍ഗീയതക്ക് വെള്ളവും വളവും നല്‍കുകയാണ് കോടിയേരി ചെയ്യുന്നത്. ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ നേതാക്കളെ കോണ്‍ഗ്രസ് ഒതുക്കുകയാണ് എന്ന ആരോപണം ഉന്നയിക്കുന്ന കോടിയേരി സി.പി.ഐ.എമ്മില്‍
പിണറായി വിജയന്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രിയായിരുന്നത് എന്ന കാര്യം മറക്കരുത്. കോണ്‍ഗ്രസ് അതിനെ വിമര്‍ശിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

കോടിയേരിയും മുഖ്യമന്ത്രിയും വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ ന്യൂനപക്ഷ നേതാക്കള്‍ ഇല്ല. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ വര്‍ഗീയത. അതിനെ എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ചങ്കൂറ്റമില്ലാത്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മോഹന്‍ ഭാഗവതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് രാഹുല്‍ സംസാരിച്ചത്. നേരത്തേയുള്ള നിലപാട് കോണ്‍ഗ്രസ് മാറ്റിയോ എന്നും കോണ്‍ഗ്രസ് മത നിരപേക്ഷ നിലപാടില്‍ നിന്ന് മാറിയോ എന്നുമാണ് അറിയേണ്ടത് എന്നും കോടിയേരി പ്രതികരിച്ചു.

മതപരമായ സംവരണം രാഷ്ട്രീയ പാര്‍ട്ടിക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. യു.ഡി.എഫിന്റെ കാലത്ത് സാമുദായിക സംഘടനകളാണ് ഭരണം നടത്തിയത്. എസ്.പിമാരേയും കലക്ടര്‍മാരെയും വരെ സാമുദായിക അടിസ്ഥാനത്തില്‍ തീരുമാനിച്ചവരാണ് യു.ഡി.എഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Kodiyeri Balakrishnan carrying Krishna in one hand and Jesus in the other is like a Pashanam Varkey: V.D. Satheesan

We use cookies to give you the best possible experience. Learn more